ലണ്ടന്‍: പ്രഥമ ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ വെച്ചുനടക്കുമെന്ന് ഐ.സി.സി വ്യക്തമാക്കി. ആദ്യം ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്നറിയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം വേദി മാറ്റുകയായിരുന്നു.

ഫൈനലില്‍ ഇന്ത്യയും ന്യൂസീലന്‍ഡുമാണ് കൊമ്പുകോര്‍ക്കുക. ഫൈനല്‍ മത്സരം സതാംപ്ടണില്‍ വെച്ച് നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേതന്നെ അറിയിച്ചിരുന്നു. 

സതാംപ്ടണിലെ ഹാംപ്ഷയര്‍ ബൗളില്‍ വെച്ചാണ് മത്സരം നടക്കുക. ഐ.സി.സിയും ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും ചേര്‍ന്നാണ് പുതിയ വേദിയുടെ കാര്യം അറിയിച്ചത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മത്സരങ്ങള്‍ നടക്കുക. വളരെ കുറച്ച് കാണികള്‍ക്ക് മാത്രമേ മത്സരം കാണാനുള്ള അവസരം ലഭിക്കൂ. 

ന്യൂസീലന്‍ഡാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ആദ്യം യോഗ്യത നേടിയത്. പിന്നീട് ഇംഗ്ലണ്ടിനെതിരായ പരമ്പര 3-1 ന് സ്വന്തമാക്കി പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ ഫൈനലില്‍ സ്ഥാനമുറപ്പിച്ചു. 

Content Highlights: India-New Zealand World Test Championship Final In Southampton, Says ICC