ഗുവാഹത്തി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20-യിലും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം ഇതേ വേദിയില്‍ തന്നെ ഒമ്പതാം തീയതി നടക്കും.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അര്‍ധ സെഞ്ചുറി നേടിയ ഡാനിയല്ലെ വ്യാറ്റാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി. വ്യാറ്റ് 55 പന്തില്‍ നിന്ന് ആറു ബൗണ്ടറികളടക്കം 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്മൃതി മന്ദാന (12), ജെമിമ (2), മിതാലി രാജ് (20) എന്നിവര്‍ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതോടെ ഇന്ത്യ പതറി. ഹര്‍ലീന്‍(14), ദീപ്തി ശര്‍മ (18), ശിഖാ പാണ്ഡെ(3), തനിയ ഭാട്ടിയ (1), ഭാരതി (18) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. രാധയും(3) ഏക്തയും(2) പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി കാതറിന്‍ ബ്രുന്‍ഡ് മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഡാനിയല്ലെ വ്യാറ്റ് ഒരറ്റത്ത് ഉറച്ചു നിന്നെങ്കിലും മറ്റ് താരങ്ങള്‍ക്ക് തിളങ്ങാനായില്ല. മധ്യനിരയില്‍ വിന്‍ഫീല്‍ഡ് 23 പന്തില്‍ 29 റണ്‍സെടുത്ത് വ്യാറ്റിന് പിന്തുണ നല്‍കി. ഇന്ത്യയ്ക്കായി ഏക്ത രണ്ടും ദീപ്തി, രാധ, പൂനം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlights: india lose sixth consecutive t20 as england seal series