ഡബ്ലിൻ: അയർലൻഡുമായുള്ള ഒന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് 76 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 209 റൺസ് ലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. നാല് ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുവീഴ്ത്തിയ കുൽദീപ് യാദവാണ് താരം. രണ്ടാം മത്സരം വെള്ളിയാഴ്ച ഇതേവേദിയിൽ നടക്കും.

സ്കോർ: ഇന്ത്യ 20 ഓവറിൽ 5-ന് 208; അയർലൻഡ് 20 ഓവറിൽ 9-ന് 132. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് ഓപ്പണർമാരായ രോഹിത് ശർമ (61 പന്തിൽ 97), ശിഖർ ധവാൻ (45 പന്തിൽ 74) എന്നിവരുടെ അർധശതകങ്ങളാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 

ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 16 ഓവറിൽ 160 റൺസ് വാരി. അയർലൻഡ് നിരയിൽ ഓപ്പണർ ജയിംസ് ഷാനൻ (35 പന്തിൽ 60) മാത്രമേ ശോഭിച്ചുള്ളൂ. കുൽദീപിന് പുറമേ ലെഗ്സ്പിന്നർ ചാഹൽ മൂന്നും ഫാസ്റ്റ്ബൗളർ ജസ്‌പ്രീത് ബുംറ രണ്ടും വിക്കറ്റെടുത്തു.