ന്യൂ ഡല്‍ഹി: നാലാം ടെസ്റ്റിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക കീഴടങ്ങുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 334 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്കയുടെ മറുപടി 121 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യക്ക് 213 റണ്‍സിന്റെ ലീഡ്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഒറ്റയ്ക്കു പൊരുതിയ ഡിവില്ലിയേഴ്‌സിന്റെ ഇന്നിംഗ്‌സിനും കഴിഞ്ഞില്ല. 

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡിവില്ലിയേഴ്‌സ് മാത്രമാണു പിടിച്ചു നിന്നത്. 42 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ ജഡേജയുടെ പന്തില്‍ ബൗണ്ടറി ലൈനിനരികില്‍ അതിഗംഭീരമായി ഇശാന്ത് ശര്‍മ്മ പിടികൂടി. 10 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചത്. ഉമേഷ് യാദവും ആര്‍. അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

Test 03

ഡിവില്ലിയേഴ്‌സിനു പുറമെ, ഓപ്പണര്‍മാരായ എല്‍ഗാര്‍, ബാവൂമ, വിലാസ് എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കാണാനായത.് ഹാഷിം അംലയ്ക്ക് മൂന്ന് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

നാലാം ടെസ്റ്റില്‍ രണ്ടാം ദിവസം ചായയ്ക്കു പിരിയുന്നതിനു മുമ്പ് ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍  334 റണ്‍സിനു പുറത്തായി. 127 റണ്‍സെടുത്ത രഹാനെ ഇമ്രാന്‍ താഹിറിനു മുന്നില്‍ കീഴടങ്ങിയതോടെ ആതിഥേയരുടെ ഇന്നിംഗ്‌സ് പെട്ടന്നവസാനിച്ചു. ആര്‍. അശ്വിന്‍ 56 റണ്‍സുമായി രഹാനെയ്ക്ക് മികച്ച പിന്തുണ നല്‍കി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫാസ്റ്റ് ബൗളര്‍ ആബട്ട് അഞ്ചു വിക്കറ്റ് നേടി. 

Test 03

ഇന്ത്യന്‍ മണ്ണില്‍ ആദ്യമായാണ് രഹാനെ സെഞ്ച്വറി നേടുന്നത്. മൂന്നിന് 66 എന്ന നിലയില്‍ ഇന്ത്യ തകരുമ്പോഴാണ് രഹാനെ ക്രീസിലെത്തിയത്. ക്ഷമാപൂര്‍വ്വം ബാറ്റു വീശിയ രഹാനെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം ഇന്നിംഗ്‌സ് പടുത്തുയര്‍ത്തി. കോഹ്‌ലി 44 റണ്‍സുമായി പുറത്തായി. പിന്നീടെത്തിയ അശ്വിനൊപ്പം രഹാനെ ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. ശിഖര്‍ ധവാ(33)നും രവീന്ദ്ര ജഡേ(24)യും പിടിച്ചു നിന്നപ്പോള്‍ രോഹിത് ശര്‍മ്മ(1) നിരാശപ്പെടുത്തി.

മൂന്നാം ടെസ്റ്റില്‍ നാഗ്പൂരില്‍ മോശം പിച്ച് ഒരുക്കിയതിന് ഏറെ പഴി കേട്ട ഇന്ത്യയ്ക്ക് ഡല്‍ഹി ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.