ഇസ്ലാമാബാദ്: കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ടീം പുറത്തായ ശേഷം പിന്നീട് ഇതുവരെ എം.എസ് ധോനി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചിട്ടില്ല. ഇതോടെ ഒട്ടേറെ മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി വിക്കറ്റിനു മുന്നിലും പിന്നിലും മികച്ച പ്രകടനം നടത്തിയ ധോനിക്ക് പകരക്കാരനായ ഒരു താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ടീം ഇന്ത്യ. 

ഋഷഭ് പന്തിന്റെയും സഞ്ജു സാംസന്റെയുമെല്ലാം പേരുകള്‍ പറഞ്ഞുകേട്ടെങ്കിലും ഓസീസ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇപ്പോള്‍ കെ.എല്‍ രാഹുലും ഈ മത്സരത്തിലുണ്ട്. ഇപ്പോഴിതാ ധോനിക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തിക്കഴിഞ്ഞുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസ് ബൗളര്‍ ഷോയബ് അക്തര്‍.

എന്നാല്‍ അക്തറിന്റെ അഭിപ്രായത്തില്‍ ഋഷഭ് പന്തോ സഞ്ജു സാംസണോ കെ.എല്‍ രാഹുലോ അല്ല ധോനിക്ക് പകരക്കാരന്‍. മറിച്ച് മധ്യനിര താരം മനീഷ് പാണ്ഡെയിലേക്കാണ് അക്തര്‍ വിരല്‍ചൂണ്ടുന്നത്. ഓസീസിനെതിരായ പരമ്പര ഇന്ത്യ നേടിയതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്.

ധോനിയുടെ വിടവ് നികത്താന്‍ മനീഷിന് സാധിക്കുമെന്നും പ്രശസ്തിയേക്കാള്‍ ഉപരി ടീമിനുവേണ്ടി കളിക്കുക എന്നതിലാണ് അദ്ദേഹം  ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. ഐ.പി.എല്ലില്‍ കളിച്ച് പരിചയമുള്ളതിനാല്‍ ഏതു സാഹചര്യത്തിലും നന്നായി ബാറ്റ് ചെയ്യാനും മനീഷിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനീഷിനൊപ്പം ശ്രേയസ് അയ്യരും മികച്ച താരമാണെന്നും അക്തര്‍ പറഞ്ഞു. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയേയും രോഹിത്തിന്റെ ബാറ്റിങ്ങിനെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Content Highlights: India have finally found the replacement for MS Dhoni said Shoaib Akhtar