കറാച്ചി: ഇന്ത്യന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ പാകിസ്താന്‍ ക്രിക്കറ്റിന്റെ കഥ തീരുമെന്ന് വെളിപ്പെടുത്തി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാനും മുന്‍ പാകിസ്താന്‍ താരവുമായ റമീസ് രാജ. പാകിസ്താനിലെ സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയ്ക്ക് മുന്നിലാണ് റമീസ് രാജ ഈ തുറന്നുപറച്ചില്‍ നടത്തിയത്. 

ലോകക്രിക്കറ്റിനെ മുഴുവന്‍ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണെന്നും (ബി.സി.സി.ഐ) ഇന്ത്യ വിചാരിച്ചാല്‍ പാകിസ്താന് ലഭിക്കുന്ന സാമ്പത്തിക സഹായം നിര്‍ത്താനാകുമെന്നും രാജ പറഞ്ഞു. 

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനായ ഐ.സി.സിയില്‍ നിന്ന് വലിയ സഹായങ്ങള്‍ ലഭിക്കുന്നതുകൊണ്ടാണ് പാകിസ്താന്‍ ക്രിക്കറ്റ് നിലനില്‍ക്കുന്നത്. ഐ.സി.സിയുടെ 90 ശതമാനം വരുമാനവും ഇന്ത്യയില്‍ നിന്നാണ്. ഇത് ഭയപ്പെടുത്തുന്ന കാര്യമാണെന്ന് രാജ പറഞ്ഞു. 

' ഒരു ഇവന്റ് മാനേജ്‌മെന്റ് ടീം പോലെയാണ് ഐ.സി.സി. ഇന്ത്യയില്‍ നിന്നുള്ള പണമാണ് ലോകക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ പാകിസ്താന്‍ ക്രിക്കറ്റില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഭാവിയില്‍ പാകിസ്താന് സഹായം നല്‍കരുതെന്ന് ഇന്ത്യ പറഞ്ഞാല്‍ അതോടെ തീരും നമ്മുടെ രാജ്യത്തിന്റെ ക്രിക്കറ്റ് രംഗം'-രാജ തുറന്നടിച്ചു.

ഐ.സി.സിയെ ആശ്രയിക്കാതെ എങ്ങനെ സ്വന്തമായി വരുമാനം കണ്ടെത്തുമെന്നതിനെക്കുറിച്ച് ഗഹനമായി ചിന്തിക്കുകയാണെന്നും പാക് ക്രിക്കറ്റിനെ രക്ഷിക്കാനായി പരമാവധി പരിശ്രമിക്കുമെന്നും രാജ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ അപ്രതീക്ഷിതമായി റദ്ദാക്കിയ പാകിസ്താന്‍-ന്യൂസീലന്‍ഡ് പരമ്പര വീണ്ടും നടത്താനുള്ള തയ്യാറെടുപ്പിലാണ് പി.സി.ബി. ഒപ്പം ഇംഗ്ലണ്ടുമായും ചര്‍ച്ച നടത്തുന്നുണ്ട്. 

Content Highlights: India government can trigger Pakistan Cricket Board collapse says Ramiz Raja