അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 ക്രിക്കറ്റിലെ തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് രണ്ടാം മത്സരത്തില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിന്റെ ആവേശത്തില്‍ ഇന്ത്യ. ഈ ഉണര്‍വോടെ ചൊവ്വാഴ്ച വൈകീട്ട് ഏഴുമുതല്‍ മൂന്നാം ട്വന്റി 20 മത്സരത്തിനിറങ്ങുന്നു.

രണ്ടാം മത്സരത്തില്‍ ഓപ്പണറായി ഇറക്കിയ ഇഷാന്‍ കിഷന്‍ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയത് ടീം മാനേജമെന്റിന് വലിയ സംതൃപ്തി നല്‍കുന്നു. മറ്റൊരു ഓപ്പണര്‍ കെ.എല്‍. രാഹുല്‍ പൂജ്യത്തിന് മടങ്ങിയപ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ കളിച്ച ഇഷാന്റെ ബാറ്റിങ് കളിയുടെ ടോണ്‍ മാറ്റി. ആ തുടക്കത്തില്‍നിന്നാണ് വിരാട് കോലിയും ഋഷഭ് പന്തുമെല്ലാം അനായാസം ബാറ്റുചെയ്തത്.

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറും ബൗള്‍ ചെയ്യാന്‍ തുടങ്ങിയതോടെ മറ്റൊരു ബാറ്റ്സ്മാനെ ഇറക്കാനുമായി. ഈ സാഹചര്യത്തില്‍ അക്‌സര്‍ പട്ടേലിനെ മാറ്റിനിര്‍ത്തിയതുകൊണ്ടാണ് ഞായറാഴ്ച സൂര്യകുമാര്‍ യാദവിന് അവസരം കിട്ടിയത്. ചൊവ്വാഴ്ച മൂന്നാം ട്വന്റി 20 യില്‍, കെ.എല്‍. രാഹുലിനു പകരം ഓപ്പണര്‍ രോഹിത് ശര്‍മ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാം ട്വന്റി 20 യില്‍ ബൗളിങ്ങിന് കൂടുതല്‍ സമയം എടുത്തതിന് ഇന്ത്യന്‍ ടീമിന് മാച്ച് ഫീസിന്റെ 20 ശതമാനം പിഴ വിധിച്ചു.

ടെസ്റ്റ് പിച്ച് ശരാശരിയെന്ന് റിപ്പോര്‍ട്ട്

ദുബായ്: അഞ്ച് സെഷനുകള്‍കൊണ്ട് തീര്‍ന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടന്ന അഹമ്മദാബാദിലെ പിച്ച് 'ശരാശരി' ആയിരുന്നെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് മാച്ച് റഫറി റിപ്പോര്‍ട്ട് നല്‍കി. നാലാം ടെസ്റ്റ് നടന്ന പിച്ച് 'ഗുഡ്' ആയിരുന്നെന്നും റിപ്പോര്‍ട്ട് ചെയ്തു. ശരാശരിക്കും താഴെ എന്നോ മോശം എന്നോ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കില്‍ ഭാവിയില്‍ ഇവിടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള സാധ്യത കുറയുമായിരുന്നു. ഇന്ത്യയുടെ മുന്‍ താരം ജവഗല്‍ ശ്രീനാഥായിരുന്നു മാച്ച് റഫറി.

Content Highlights: India England Third T20 Virt Kohli