ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരായ ടിട്വന്റി പരമ്പരയും ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

ഇരുപത് ഓവറിൽ 199 റൺസായിരുന്നു ഇന്ത്യയ്ക്കുവേണ്ടിയിരുന്നത്. രോഹിത് ശർമയുടെ കിടയറ്റ സെഞ്ചുറിയുടെ ബലത്തിൽ എട്ടു പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കി.

മാഞ്ചസ്റ്ററിൽ നടന്ന ഒന്നാം ടിട്വന്റിയിൽ ഇന്ത്യയും കാർഡിഫിൽ നടന്ന രണ്ടാം ടിട്വന്റിയിൽ ഇംഗ്ലണ്ടുമായിരുന്നു വിജയിച്ചിരുന്നത്.

56 പന്തിൽ നിന്ന് 100 റൺസെടുത്ത രോഹിത് പുറത്താകാതെ നിന്നു. 11 ബൗണ്ടറിയും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ശിഖർ ധവാൻ അഞ്ചും രാഹുൽ 19 ഉം റൺസെടുത്ത് ഇടയ്ക്ക് പുറത്തായെങ്കിലും ക്യാപ്റ്റൻ കോലി 29 പന്തിൽ നിന്ന് 43 റൺസെടുത്ത് രോഹിതിന് മികച്ച പിന്തുണ നൽകിയത്. ഹർദിക് പാണ്ഡ്യ 14 പന്തിൽ നിന്ന് 33 റൺസെടുത്ത് പുറത്താകാതെ നിന്നു.

നാലു വിക്കറ്റെടുത്ത ഹർദിക് തന്നെയാണ് ഇംഗ്ലണ്ടിനെ 198 റൺസിലൊതുക്കിയത്. ഓപ്പണർ ജേസൺ റേയുടെ ബാറ്റിങ് മികവിൽ ഇരുപത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് അവർക്ക് നേടാനായത്.

റോയ് 31 പന്തിൽ നിന്ന് 67 റൺസെടുത്തു. ബട്​ലർക്കൊപ്പം ഒന്നാം വിക്കറ്റിൽ 94 റൺസിന്റെ കൂട്ടുകെട്ടാണ് റോയ് പടുത്തുയർത്തിയത്. ബട്​ലർ 21 പന്തിൽ നിന്ന് 34 റൺസെടുത്തു. ഹേൽസ് 30 ഉം ബെയർസ്റ്റോ 25 ഉം റൺസെടുത്തു.

നാലോവറിൽ 38 റൺസ് വിട്ടുകൊടുത്താണ് പാണ്ഡ്യ നാലു വിക്കറ്റ് വീഴ്ത്തിയത്. കൗൾ രണ്ടും ചാഹർ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടിട്വന്റി പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Content Highlights: India England T20 Cricket Series