ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം മഴ കൊണ്ടുപോയി. ഒരു പന്തുപോലും എറിയാനാകാതെ ആദ്യദിനമായ വ്യാഴാഴ്ചത്തെ കളി ഉപേക്ഷിച്ചു.

ലോര്‍ഡ്സില്‍ ബുധനാഴ്ച രാത്രിമുതല്‍ കനത്ത മഴപെയ്യുകയാണ്. അന്തരീക്ഷം മൂടിക്കെട്ടിനില്‍ക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മഴ കുറച്ചുനേരം ശമിച്ചപ്പോള്‍ കളി തുടങ്ങാമെന്ന പ്രതീക്ഷയുണര്‍ന്നെങ്കിലും വീണ്ടും മഴയെത്തി. ടോസ് ഇടാന്‍പോലും കഴിയാതെയാണ് ആദ്യദിനത്തെ കളി ഉപേക്ഷിച്ചത്. 

അംപയര്‍മാര്‍ പലതവണ പിച്ചിലെത്തി പരിശോധന നടത്തിയെങ്കിലും ഇടയ്ക്കിടെ മഴയെത്തിയതോടെയാണ് ആദ്യദിവസത്തെ കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. താരങ്ങള്‍ക്ക് പരിശീലനത്തിനിറങ്ങാന്‍പോലും കവിയാത്തവിധം ഗ്രൗണ്ടില്‍ മഴ കനത്തുനിന്നു. വൈകീട്ട് അല്‍പസമയം ഇന്‍ഡോറില്‍ പരിശീലനം നടത്തി.

മഴ പെട്ടെന്നൊന്നും മാറില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. കളി തുടങ്ങിയാലും ടെസ്റ്റില്‍ ഇനിയും മഴ ഇടപെടാന്‍ സാധ്യതയുണ്ടെന്ന് ചുരുക്കം. ആദ്യടെസ്റ്റില്‍ 31 റണ്‍സിന് ജയിച്ച ഇംഗ്ലണ്ട് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്നിലാണിപ്പോള്‍ (1-0).

ഇന്ത്യ മത്സരത്തിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, അശ്വിനെക്കൂടാതെ രണ്ടാമതൊരു സ്പിന്നറെക്കൂടി കളിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി സൂചനനല്‍കി. അങ്ങനെയെങ്കില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയോ ചൈനാമെന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവോ ടീമിലെത്തും.

ഇരുപതുകാരനായ ഒലിവര്‍ പോപ്പിനെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് 12 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഒലിവര്‍ പോപ്പിന്റെ അരങ്ങേറ്റ ടെസ്റ്റാകും ഇത്.

സാധ്യതാ ടീം:

ഇന്ത്യ-വിരാട് കോലി (നായകന്‍), ശിഖര്‍ ധവാന്‍, മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ദിനേശ് കാര്‍ത്തിക്ക്, ഋഷഭ് പന്ത്, കരുണ്‍ നായര്‍, ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി

ഇംഗ്ലണ്ട്-ജോ റൂട്ട് (നായകന്‍), അലസ്റ്റയര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോണി ബെയര്‍‌സ്റ്റോ, ജോസ് ബട്ലര്‍, ഒളിവര്‍ പോപ്പ്, മൊയീന്‍ അലി, ആദില്‍ റഷീദ്, ജാമി പോര്‍ട്ടര്‍, സാം കറന്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്

Content Highlights: india england second cricket test first day