പുണെ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 43.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 

സെഞ്ചുറി നേടിയ ജോണി ബെയര്‍സ്‌റ്റോയുടെയും ഒരു റണ്ണകലെ സെഞ്ചുറി നഷ്ടമായ ബെന്‍ സ്റ്റോക്ക്‌സിന്റെയും  ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് ഒപ്പമെത്തി (1-1). ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിലെ വിജയി പരമ്പര സ്വന്തമാക്കും. 

337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ജോണി ബെയര്‍സ്‌റ്റോ - ജേസണ്‍ റോയി ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 16.3 ഓവറില്‍ 110 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 52 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 55 റണ്‍സെടുത്ത റോയ് റണ്ണൗട്ടാകുകയായിരുന്നു. 

പിന്നീടായിരുന്നു ഇന്ത്യ അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിച്ച ബെയര്‍‌സ്റ്റോ - ബെന്‍ സ്‌റ്റോക്ക്‌സ് സഖ്യത്തിന്റെ തേരോട്ടം. രണ്ടാം വിക്കറ്റില്‍ 175 റണ്‍സ് ചേര്‍ത്ത ഈ സഖ്യമാണ് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്. 

ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. 52 പന്തില്‍ നിന്ന് 10 സിക്‌സും നാലു ഫോറുമടക്കം 99 റണ്‍സെടുത്ത സ്റ്റോക്ക്‌സിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അര്‍ഹിച്ച സെഞ്ചുറി  ഒരു റണ്ണകലെ നഷ്ടമായ സ്‌റ്റോക്ക്‌സ് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയ ശേഷമാണ് പുറത്തായത്. 

തൊട്ടുപിന്നാലെ 112 പന്തില്‍ നിന്ന് ഏഴു സിക്‌സും 11 ഫോറുമടക്കം 124 റണ്‍സുമായി ബെയര്‍സ്‌റ്റോ മടങ്ങി. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു വിക്കറ്റ്. 

വന്നപാടേ ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറെയും (0) പ്രസിദ്ധ് മടക്കി. എന്നാല്‍ ഡേവിഡ് മലാനും (16*) ലിയാം ലിവിങ്സ്റ്റണും (27*) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തിരുന്നു.

സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി, ഋഷഭ് പന്ത് എന്നിവരുടെയും ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 

114 പന്തുകള്‍ നേരിട്ട രാഹുല്‍ രണ്ട് സിക്സും ഏഴ് ഫോറുമടക്കം 108 റണ്‍സെടുത്തു. മോശം ഫോമിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായി രാഹുലിന്റെ സെഞ്ചുറി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ ഒമ്പതിലെത്തിയപ്പോള്‍ തന്നെ ശിഖര്‍ ധവാന്റെ (4) വിക്കറ്റ് നഷ്ടമായി. റീസ് ടോപ്ലിക്കായിരുന്നു വിക്കറ്റ്. പിന്നാലെ നന്നായി തുടങ്ങിയ രോഹിത്തിനെ സാം കറന്‍ പുറത്താക്കി. 25 പന്തില്‍ നിന്ന് അഞ്ചു ഫോറുകളടക്കം 25 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. 

37 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ രണ്ടു പേരെയും നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കോലി - രാഹുല്‍ സഖ്യമാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ 121 റണ്‍സാണ് ഈ സഖ്യം ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 

79 പന്തില്‍ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം 66 റണ്‍സെടുത്ത കോലിയെ പുറത്താക്കി ആദില്‍ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച രാഹുല്‍ - ഋഷഭ് പന്ത് സഖ്യം ടീമിനായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. നാലാം വിക്കറ്റില്‍ 113 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. സെഞ്ചുറി നേടിയതിനു പിന്നാലെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ രാഹുല്‍ പുറത്താകുകയായിരുന്നു. 

വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഋഷഭ് പന്ത് 40 പന്തുകള്‍ നേരിട്ട് ഏഴു സിക്സും മൂന്നു ഫോറുമടക്കം 77 റണ്‍സെടുത്തു. 

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ സ്‌കോര്‍ 336-ല്‍ എത്തിച്ചത്. 16 പന്തുകള്‍ നേരിട്ട ഹാര്‍ദിക് നാലു സിക്സടക്കം 35 റണ്‍സെടുത്തു. ക്രുനാല്‍ പാണ്ഡ്യ 12 റണ്‍സുമായി പുറത്താകാതെ നിന്നു. 

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരമാണ് ഋഷഭ് പന്തിന് അവസരം ലഭിച്ചത്. ഇംഗ്ലണ്ട് ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. പരിക്കേറ്റ ഓയിന്‍ മോര്‍ഗന് പകരം ഡേവിഡ് മലാന്‍ ടീമിലെത്തി. സാം ബില്ലിങ്‌സിന് പകരം ലിയാം ലിവിങ്സ്റ്റണും മാര്‍ക്ക് വുഡിന് പകരം റീസ് ടോപ്ലിയും ഇടംനേടി.

Content Highlights: India England ODI Series Pune