ഇം​ഗ്ലണ്ടിനെ 66 റൺസിന് തകർത്ത് ആദ്യ ഏകദിനം സ്വന്തമാക്കി ഇന്ത്യ


ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായി.

Photo: twitter.com

പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായി. അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാലുവിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317, ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് പുറത്ത്. ഈ വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.

അര്‍ധസെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാന്റെയും കെ.എല്‍.രാഹുലിന്റെയും വിരാട് കോലിയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ശിഖർ ധവാൻ മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് സ്വപ്നതുല്യമായ തുടക്കമാണ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ നന്നായി പ്രഹരിച്ച ഇരുവരും വെറും 14.2 ഓവറില്‍ 135 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് റെക്കോഡ് വിജയം സ്വന്തമാക്കുമെന്ന തോന്നലുളവാക്കി. ഇതിനിടെ ബെയര്‍‌സ്റ്റോ അര്‍ധശതകം പൂര്‍ത്തിയാക്കി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് അരങ്ങേറ്റതാരം പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റ് വീഴ്ത്തി. ഈ വിക്കറ്റ് കളിയുടെ ഗതിമാറ്റി.

സ്‌കോര്‍ 135ല്‍ നില്‍ക്കേ 35 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 46 റണ്‍സെടുത്ത റോയിയെ പ്രസിദ്ധ് കൃഷ്ണ സൂര്യകുമാര്‍ യാദവിന്റെ കൈയ്യിലെത്തിച്ചു. പ്രസിദ്ധിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. പിന്നാലെ വന്ന ബെന്‍ സ്റ്റോക്‌സിനെ (1) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റെടുത്തു. ഇതോടെ 135 ന് പൂജ്യം എന്ന നിലയില്‍ നിന്നും ഇംഗ്ലണ്ട് 137 ന് 2 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്രീസിലൊന്നിച്ച നായകന്‍ ഒയിന്‍ മോര്‍ഗനും ബെയര്‍സ്‌റ്റോയും ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി.

എന്നാല്‍ 66 പന്തുകളില്‍ നിന്നും ആറ് ബൗണ്ടറികളുടെയും ഏഴ് സിക്‌സുകളുടെയും സഹായത്തോടെ 94 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ ശാര്‍ദുല്‍ ഠാക്കൂര്‍ കുല്‍ദീപ് യാദവിന്റെ കൈയ്യിലെത്തിച്ചു. ബെയര്‍‌സ്റ്റോ പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് 22.1 ഓവറില്‍ 169 റണ്‍സിന് മൂന്ന് എന്ന നിലയിലായിരുന്നു. പിന്നീട് കളിയിലേക്ക് തിരിച്ചുവരാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തി.

25ാം ഓവറില്‍ നായകന്‍ ഒയിന്‍ മോര്‍ഗനെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെയും പുറത്താക്കി ശാര്‍ദുല്‍ ഠാക്കൂര്‍ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.30 പന്തുകളില്‍ നിന്നും 22 റണ്‍സെടുത്ത താരത്തെ ശാര്‍ദുല്‍ ഠാക്കൂര്‍ വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈയിലെത്തിച്ചു. അതേ ഓവറിലെ നാലാം പന്തില്‍ ബട്‌ലറെ വിക്കറ്റിന് മുന്നില്‍ കുടുക്കി ശാര്‍ദുല്‍ ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേകി. ഇതോടെ ഇംഗ്ലണ്ട് 24.4 ഓവറില്‍ 176 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി. പിന്നീട് ക്രീസിലൊന്നിച്ച മോയിന്‍ അലിയും സാം ബില്ലിങ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതോടെ ഇംഗ്ലണ്ട് വിജയപ്രതീക്ഷ വീണ്ടെടുത്തു.

എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് പ്രസിദ്ധ് തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. സ്‌കോര്‍ 217-ല്‍ നില്‍ക്കെ 18 റണ്‍സെടുത്ത ബില്ലിങ്‌സിനെ പ്രസിദ്ധ്, കോലിയുടെ കൈയ്യിലെത്തിച്ചു. തൊട്ടുപിന്നാലെ സ്‌കോര്‍ 237ല്‍ നില്‍ക്കേ അപകടകാരിയായ മോയിന്‍ അലിയുടെ വിക്കറ്റ് ഭുവനേശ്വര്‍ കുമാര്‍ നേടി. 37 പന്തുകളില്‍ നിന്നും 30 റണ്‍സെടുത്ത അലിയെ ഭുവനേശ്വര്‍ രാഹുലിന്റെ കൈയ്യിലെത്തിച്ചു. തൊട്ടുപിന്നാലെ 12 റണ്‍സെടുത്ത സാം കറന്റെ വിക്കറ്റ് വീഴ്ത്തി ക്രുനാല്‍ പാണ്ഡ്യ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു.

സാം കറന് പകരം ക്രീസിലെത്തിയ ആദില്‍ റഷീദിനും പിടിച്ചുനില്‍ക്കാനായില്ല. ഭുവനേശ്വറിന് വിക്കറ്റ് സമ്മാനിച്ച് പൂജ്യനായി റഷീദ് മടങ്ങി. അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്ന ടോം കറനും മാര്‍ക്ക് വുഡും ചേര്‍ന്ന് ഇംഗ്ലണ്ട് സ്‌കോര്‍ 250 കടത്തി. എന്നാല്‍ 11 റണ്‍സെടുത്ത ടോം കറനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ മത്സരത്തിലെ നാലാം വിക്കറ്റ് നേടി. 8.1 ഓവറില്‍ 54 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്.

ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡ് പ്രസിദ്ധ് സ്വന്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തുന്നത്. ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ രണ്ട് വിക്കറ്റെടുത്തു. ക്രുനാല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

ഇന്ത്യയ്ക്കായി ധവാന്‍ 98 റണ്‍സും കോലി 56 റണ്‍സുമെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച രാഹുല്‍ 62 റണ്‍സെടുത്തും ക്രുനാല്‍ 57 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. കരുതലോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. പതിനഞ്ച് ഓവറില്‍ 64 റണ്‍സാണ് രോഹിതും ധവാനും ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഇന്ത്യയ്ക്ക് പതിനാറാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായി. 42 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത രോഹിത് സ്റ്റോക്‌സിന്റെ പന്തില്‍ ബട്‌ലര്‍ പിടിച്ചു പുറത്തായി. രോഹിത് മടങ്ങിയതിനുശേഷം വിരാട് കോലി ക്രീസിലെത്തി.

ധവാനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത കോലി ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചു. അതിനിടെ ശിഖര്‍ ധവാന്‍ അര്‍ധസെഞ്ചുറി കുറിച്ചു. റാഷിദിനെ ഒന്നാന്തരമൊരു സിക്‌സര്‍ പായിച്ചാണ് ധവാന്‍ അര്‍ധസെഞ്ചുറി ആഘോഷിച്ചത്. ശിഖര്‍ ധവാന് പിന്നാലെ കോലിയും അര്‍ധശതകം നേടിയിരുന്നു. 50 പന്തുകളില്‍ നിന്നും ആറ് ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. കോലിയുടെ ഏകദിന കരിയറിലെ 61-ാം അര്‍ധശതകമാണിത്. ധവാനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കോലി ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തി. ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി.

എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിനുപിന്നാലെ കോലി പുറത്തായി. 60 പന്തുകളില്‍ നിന്നും 56 റണ്‍സെടുത്ത താരത്തെ മാര്‍ക്ക് വുഡ് മോയിന്‍ അലിയുടെ കൈകളിലെത്തിച്ചു. 60 പന്തുകളില്‍ നിന്നും ആറ് ബൗണ്ടറികളുടെ സഹായത്തോടെയാണ് കോലി അര്‍ധസെഞ്ചുറി നേടിയത്. കോലി പുറത്താവുമ്പോള്‍ 32.1 ഓവറില്‍ 169 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. പക്ഷേ പിന്നീട് ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് വേണ്ട വിധത്തില്‍ തിളങ്ങാനായില്ല. ഒരറ്റത്ത് ധവാന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചപ്പോള്‍ മറുവശത്ത് ബാറ്റ്‌സ്മാന്‍മാര്‍ പതറി. കോലിയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ ആറുറണ്‍സ് മാത്രമെടുത്ത് പുറത്തായി. മാര്‍ക്ക് വുഡാണ് താരത്തെ പുറത്താക്കിയത്.

95 റണ്‍സിലെത്തിയ ധവാന്‍ പിന്നീട് പതറുന്ന കാഴ്ചയാണ് കണ്ടത്. റണ്‍സ് കണ്ടെത്താന്‍ താരം ഏറെ വിഷമിച്ചു. ഒടുവില്‍ 98 റണ്‍സെടുത്ത ധവാന്‍ പുറത്തായി. 106 പന്തുകളില്‍ നിന്നും 11 ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും സഹായത്തോടെയാണ് താരം 98 റണ്‍സ് നേടിയത്. പക്ഷേ അര്‍ഹിച്ച സെഞ്ചുറി ധവാന് നഷ്ടമായി. ബെന്‍സ്റ്റോക്‌സിന്റെ പന്ത് ആക്രമിക്കാന്‍ ശ്രമിച്ച ധവാന്റെ ഷോട്ട് മോര്‍ഗന്‍ കൈയ്യിലൊതുക്കി. ധവാന്‍ പുറത്താകുമ്പോള്‍ 38.1 ഓവറില്‍ 197 ന് നാല് എന്ന നിലയായിരുന്നു ഇന്ത്യ. പിന്നീട് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഒരു റണ്‍സ് മാത്രമെടുത്ത പാണ്ഡ്യയെ സ്റ്റോക്‌സ് ജോണി ബെയര്‍സ്‌റ്റോയുടെ കൈയ്യിലെത്തിച്ചു.

പിന്നീട് ഒത്തുചേര്‍ന്ന അരങ്ങേറ്റതാരം ക്രുനാല്‍ പാണ്ഡ്യയും കെ.എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 45 ഓവറില്‍ 250 കടത്തി. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനമാണ് രാഹുലും ക്രുനാലും കാഴ്ചവെച്ചത്. അരങ്ങേറ്റ മത്സരം തന്നെ ക്രുനാല്‍ ഗംഭീരമാക്കി. തകര്‍പ്പന്‍ ഷോട്ടുകള്‍ പുറത്തെടുത്ത് ക്രുനാല്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടാനും താരത്തിന് സാധിച്ചു. വെറും 26 പന്തുകളില്‍ നിന്നും ആറ് ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും സഹായത്തോടെയാണ് ക്രുനാല്‍ കന്നി അര്‍ധശതകം പൂര്‍ത്തിയാക്കിയത്. ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ അതിവേഗം അര്‍ധശതകം പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡ് ക്രുനാല്‍ ഇന്ന് സ്വന്തമാക്കി.

ക്രുനാലിന് പിന്നാലെ രാഹുലും അര്‍ധശതകം കുറിച്ചു. ട്വന്റി 20 പരമ്പരയില്‍ നിറം മങ്ങിയ രാഹുല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 39 പന്തുകളില്‍ നിന്നും മൂന്ന് ബൗണ്ടറികളുടെയും മൂന്ന് സിക്‌സുകളുടെയും സഹായത്തോടെയാണ് താരം അര്‍ധസെഞ്ചുറി നേടിയത്. കരിയറിലെ ഒന്‍പതാം അര്‍ധസെഞ്ചുറിയാണ് രാഹുല്‍ ഇന്ന് നേടിയത്. ക്രുനാലിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീം സ്‌കോര്‍ 300 കടത്താനും രാഹുലിന് സാധിച്ചു.

43 പന്തുകളില്‍ നിന്നും നാല് വീതം ബൗണ്ടറികളും സിക്‌സുകളും പായിച്ച് 62 റണ്‍സെടുത്ത് രാഹുലും 31 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സുകളും പറത്തി 58 റണ്‍സെടുത്ത് ക്രുനാലും പുറത്താവാതെ നിന്നു.

ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റുകള്‍ നേടി.

Content Highlights: India England ODI Series, Cricket, Virat Kohli, Rohit Sharma

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented