അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ രണ്ടിന് 224. ഇംഗ്ലണ്ട് 20 ഓവറില്‍ എട്ടിന് 188

ഇതോടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മൂന്നു മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഇംഗ്ലണ്ട് രണ്ട് മത്സരങ്ങള്‍ സ്വന്തമാക്കി.

ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ വിജയമുറപ്പിച്ചതാണ്. എന്നാല്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുനല്‍കി ഭുവനേശ്വര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.ഭുവനേശ്വർ തന്നെയാണ് മത്സരത്തിലെ താരം. പരമ്പരയുടെ താരമായി വിരാട് കോലി തിരഞ്ഞെടുക്കപ്പെട്ടു

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് രണ്ടാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അക്കൗണ്ട് തുറക്കും മുന്‍പ് ഓപ്പണര്‍ ജേസണ്‍ റോയിയെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചു. 

റോയ്ക്ക് പകരം ക്രീസിലെത്തിയ ഡേവിഡ് മലാന്‍ ഹാര്‍ദിക് പാണ്ഡ്യയെ തുടര്‍ച്ചയായി മൂന്നുതവണ ബൗണ്ടറി കടത്തി വരവറിയിച്ചു. പിന്നാലെ ജോസ് ബട്‌ലറും തകര്‍പ്പന്‍ കളി പുറത്തെടുത്തതോടെ ഇന്ത്യ വിയര്‍ത്തു. വെറും 4.3 ഓവറില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 50 പിന്നിട്ടു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും മലാന്‍-ബട്‌ലര്‍ കൂട്ടുകെട്ട് പൊളിക്കാന്‍ കോലിയ്ക്ക് സാധിച്ചില്ല.

9.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പിന്നാലെ മലാന്‍ അര്‍ധശതകം പൂര്‍ത്തിയാക്കി. 33 പന്തുകളില്‍ നിന്നും എട്ട് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെയാണ് താരം അര്‍ധശതകം പൂര്‍ത്തിയാക്കിയത്. 

മലാന് പുറകേ ബട്‌ലറും അര്‍ധശതകം നേടി. 30 പന്തുകളില്‍ നിന്നും രണ്ട് ബൗണ്ടറികളുടെയും നാല് സിക്‌സുകളുടെയും സഹായത്തോടെയാണ് താരം അര്‍ധശതകം നേടിയത്. 

ഈ മത്സരത്തിലെ ഇന്നിങ്‌സിന്റെ കരുത്തില്‍ ട്വന്റി 20 യില്‍ അതിവേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരം എന്ന റെക്കോഡ് മലാന്‍ സ്വന്തമാക്കി. വിരാട് കോലിയുടെ റെക്കോഡാണ് താരം മറികടന്നത്. 

13-ാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. ആ ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ താരം ജോസ് ബട്‌ലറെ പുറത്താക്കി ഇംഗ്ലണ്ടിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തി. സിക്‌സടിക്കാനുള്ള ബട്‌ലറുടെ ശ്രമം പാളി. പന്ത് അനായാസം ഹാര്‍ദിക് പാണ്ഡ്യ കൈക്കലാക്കി. 34 പന്തുകളില്‍ നിന്നും 52 റണ്‍സെടുത്ത ബട്‌ലര്‍ മലാനൊപ്പം 130 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് മടങ്ങിയത്. ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. 

പിന്നാലെ ബൗള്‍ ചെയ്ത ഹാര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇംഗ്ലണ്ടിന് അവസാന ആറോവറില്‍ വിജയിക്കാന്‍ 89 റണ്‍സ് വേണം എന്ന അവസ്ഥയായി. 15-ാം ഓവറിലെ മൂന്നാം പന്തില്‍, മൂന്നുറണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയെ സൂര്യകുമാറിന്റെ കൈയ്യിലെത്തിച്ച് ശാര്‍ദുല്‍ ഠാക്കൂര്‍ ഇംഗ്ലണ്ടിന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി.

അതേ ഓവറിലെ അവസാന പന്തില്‍ അപകടകാരിയായ ഡേവിഡ് മലാന്റെ കുറ്റി പിഴുതെടുത്ത് ശാര്‍ദൂല്‍ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റ് വീഴ്ത്തി. 45 പന്തുകളില്‍ നിന്നും ഒന്‍പത് ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ 68 റണ്‍സെടുത്താണ് താരം മടങ്ങിയത്. 

തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗനെ (നാലുപന്തില്‍ നിന്നും ഒരു റണ്‍സ്) പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. ഇതോടെ 130 ന് ഒന്ന് എന്ന നിലയില്‍ നിന്നും 142 ന് അഞ്ച് എന്ന സ്‌കോറിലേക്ക് ഇംഗ്ലണ്ട് വീണു. 

പിന്നീട് ക്രീസിലെത്തിയ ക്രിസ് ജോര്‍ഡനും ബെന്‍ സ്‌റ്റോക്‌സിനും മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം വളരെ വലുതായിരുന്നു. 19-ാം ഓവറിലെ മൂന്നാം പന്തില്‍ 14 റണ്‍സെടുത്ത സ്റ്റോക്‌സിനെ പുറത്താക്കി നടരാജന്‍ ഇംഗ്ലണ്ടിന്റെ ആറാം വിക്കറ്റ് വീഴ്ത്തി. പിന്നാലെ വന്ന ആര്‍ച്ചര്‍ (1) റണ്‍ ഔട്ടായി. അവസാന ഓവറില്‍ 11 റണ്‍സെടുത്ത ക്രിസ് ജോര്‍ഡനെ ശാര്‍ദുല്‍ മടക്കി. 

ഒരു ഘട്ടത്തില്‍ വലിയ തോതില്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ അവസാന ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെ ഇംഗ്ലണ്ട് പതറി. രണ്ട് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വറിന് പുറമേ ഇന്ത്യയ്ക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്നു വിക്കറ്റെടുത്തു. ഹാര്‍ദിക് പാണ്ഡ്യ, നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

അര്‍ധസെഞ്ചുറി നേടിയ നായകന്‍ വിരാട് കോലിയുടെയും ഓപ്പണര്‍ രോഹിത് ശര്‍മയുടെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ ബലത്തിലാണ് ഇന്ത്യ ഈ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. കോലി 80 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ രോഹിത് 64 റണ്‍സെടുത്തു. 

39 റണ്‍സ് നേടി പുറത്താവാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയും 32 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ ഇന്ന് പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന ട്വന്റി 20 സ്‌കോറുമാണിത്. 

പതിവിന് വിപരീതമായി രോഹിത്തിനൊപ്പം നായകന്‍ വിരാട് കോലിയാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. കോലിയും രോഹിതും ചേര്‍ന്ന് 5.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ 60 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 

സ്‌കോര്‍  73 -ല്‍ നില്‍ക്കെ രോഹിതിന്റെ ക്യാച്ച് മാര്‍ക്ക് വുഡ് പാഴാക്കി. സാം കറന്‍ എറിഞ്ഞ അതേ ഓവറില്‍ സിക്‌സടിച്ച് രോഹിത് അര്‍ധസെഞ്ചുറി നേടി. 30 പന്തുകളില്‍ നിന്നും മൂന്നു ഫോറുകളുടെയും നാല് സിക്‌സുകളുടെയും അകമ്പടിയോടെയാണ് താരം അര്‍ധസെഞ്ചുറി കുറിച്ചത. താരത്തിന്റെ 22-ാം ട്വന്റി 20 അര്‍ധസെഞ്ചുറിയാണിത്. 50 പിന്നിട്ട ശേഷം ആക്രമിച്ച് കളിച്ച രോഹിത് ഒന്‍പതാം ഓവറിലെ അവസാന പന്തില്‍ പുറത്തായി. 

34 പന്തുകളില്‍ നിന്നും നാല് ബൗണ്ടറികളുടെയും അഞ്ച് സിക്‌സുകളുടെയും അകമ്പടിയോടെ 64 റണ്‍സെടുത്ത രോഹിത് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഒന്‍പതാം ഓവറിലെ അവസാന പന്തില്‍ ബെന്‍ സ്റ്റോക്‌സിന് വിക്കറ്റ് സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്. രോഹിത്തിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റില്‍ തട്ടി. രോഹിത്തിന് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി.

രോഹിത് നിര്‍ത്തിയിടത്തുനിന്നും സൂര്യകുമാര്‍ തുടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ വീണ്ടും കുതിച്ചു. ആദ്യ 10 ഓവറില്‍ 110 റണ്‍സാണ് ഇന്ത്യ നേടിയത്. അനായാസേന തകര്‍പ്പന്‍ ഷോട്ടുകള്‍ നിരത്തി സൂര്യകുമാര്‍ യാദവും കോലിയും കളം നിറഞ്ഞു. ക്രിസ് ജോര്‍ഡന്‍ എറിഞ്ഞ 12-ാം ഓവറിലെ അവസാന മൂന്നു പന്തുകളും ബൗണ്ടറി പായിച്ച് സൂര്യകുമാര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു. 

എന്നാല്‍ ആദില്‍ റഷീദ് എറിഞ്ഞ 14-ാം ഓവറിലെ രണ്ടാം പന്തില്‍ സൂര്യകുമാര്‍ പുറത്തായി. തകര്‍പ്പന്‍ ക്യാച്ചിലൂടെ ക്രിസ് ജോര്‍ഡനും ജേസണ്‍ റോയിയും ചേര്‍ന്നാണ് താരത്തെ പുറത്താക്കിയത്. റഷീദിന്റെ പന്ത് സിക്‌സ് കടത്താന്‍ ശ്രമിച്ച സൂര്യകുമാറിന്റെ ഷോട്ട് ബൗണ്ടറിയില്‍ നിന്നും ഒറ്റക്കൈ കൊണ്ട് ജോര്‍ഡന്‍ പിടിച്ചു. പക്ഷേ ഓടിയെത്തിയ താരത്തിന് പെട്ടന്ന് നില്‍ക്കാനായില്ല. നേരേ ബൗണ്ടറിയിലേക്ക് ഓടിക്കയറുകയായിരുന്ന ജോര്‍ഡന്‍ പന്ത് റോയിക്ക് കൈമാറി. താരം അത് അനായാസേന കൈയ്യിലൊതുക്കി. 

17 പന്തുകളില്‍ നിന്നും മൂന്ന് ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ സൂര്യകുമാര്‍ 32 റണ്‍സെടുത്തു. താരം പുറത്താവുമ്പോള്‍ 143 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി ഇന്ത്യ.

സൂര്യകുമാറിന് പകരം ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. വൈകാതെ 14.5 ഓവറില്‍ ഇന്ത്യ 150 കടന്നു. പിന്നാലെ കോലി അര്‍ധസെഞ്ചുറി നേടി. 36 പന്തുകളില്‍ നിന്നും രണ്ട് സിക്‌സുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെയാണ് താരം അര്‍ധസെഞ്ചുറി നേടിയത്. താരത്തിന്റെ ട്വന്റി 20 കരിയറിലെ 28-ാം അര്‍ധസെഞ്ചുറിയാണിത്. 

അവസാന ഓവറുകളില്‍ കോലിയും ഹാര്‍ദിക്കും തകര്‍പ്പന്‍ കളി പുറത്തെടുത്തതോടെ ഇന്ത്യ 18.2 ഓവറില്‍ 200 കടന്നു. ഇംഗ്ലണ്ടിനെതിരേ ട്വന്റി 20 മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡ് കോലി ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 52 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ 80 റണ്‍സെടുത്ത കോലിയും 17 പന്തുകളില്‍ നിന്നും നാല് ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും സഹായത്തോടെ 39 റണ്‍സെടുത്ത പാണ്ഡ്യയും പുറത്താവാതെ നിന്നു.

ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യ ഒരു മാറ്റം വരുത്തി. കെ.എല്‍.രാഹുലിന് പകരം ഫാസ്റ്റ് ബൗളര്‍ ടി.നടരാജന്‍ ടീമില്‍ ഇടം നേടി. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: India England Fifth T20 Virat Kohli Narendra Modi Stadium