ദുബായ്: ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് അണ്ടര്‍-19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി യാഷ് ദുല്ലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ യുവനിര.

ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 38 ഓവറില്‍ 102 റണ്‍സായി പുനര്‍നിശ്ചയിച്ച വിജയലക്ഷ്യം വെറും 21.3 ഓവറില്‍ ഇന്ത്യന്‍ സംഘം മറികടന്നു. അണ്ടര്‍-19 ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. 

67 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറികളടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്ന ആങ്ക്രിഷ് രഘുവന്‍ഷിയും 49 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന ഷയ്ഖ് റഷീദുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. അഞ്ചു റണ്‍സെടുത്ത ഓപ്പണര്‍ ഹര്‍നൂര്‍ സിങ്ങിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരം മഴ കാരണമാണ് 38 ഓവറാക്കി ചുരുക്കിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞപ്പോള്‍ ലങ്കയ്ക്ക് ഈ 38 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 106 റണ്‍സ് മാത്രം. 

നാല് താരങ്ങള്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കായി വിക്കി ഒസ്ത്‌വാള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. കൗശല്‍ താംബെ രണ്ടു വിക്കറ്റെടുത്തു.

Content Highlights: India crush Sri Lanka to win U19 Asia Cup their eighth title