ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും തുടര്‍ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിനുമായി യാത്ര ചെയ്യുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കുടുംബാംഗങ്ങളെയും ഒപ്പം കൊണ്ടുപോകാം. 

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 14 ഇന്ത്യന്‍ ടീം യു.കെയില്‍ ഉണ്ടാകും. ഇംഗ്ലണ്ടിലേക്ക് തിരിക്കും മുമ്പ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഹാര്‍ഡ് ക്വാറന്റീന്‍ ഉണ്ടാകും.

ഐ.പി.എല്‍ റദ്ദാക്കിയതോടെ ഇന്ത്യയില്‍ തന്നെ ബയോ ബബിള്‍ ഒരുക്കാന്‍ ബി.സി.സി.ഐക്ക് അവസരം ലഭിച്ചു. യു.കെയിലേക്ക് യാത്ര തിരിക്കും മുമ്പ് ഇന്ത്യന്‍ സ്‌ക്വാഡും അവരുടെ കുടുംബാംഗങ്ങളും ഇവിടെ ക്വാറന്റീനില്‍ കഴിയും. 

യു.കെയില്‍ എത്തിയ ശേഷവും ടീം 10 ദിവസം ക്വാറന്റീനില്‍ കഴിയണം.

ജൂണ്‍ 18-നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. സതാംപ്ടനാണ് വേദി. പിന്നീട് ഓഗസ്റ്റ് നാലിനാണ് ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Content Highlights: India cricketers to travel with families to England