Photo: ANI
ലണ്ടന്‍: വിരാട് കോലിക്ക് പിന്തുണയുമായി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോലിയുടെ മോശം ഫോമിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള രോഹിത്തിന്റെ മറുപടി അത്തരത്തിലുള്ളതായിരുന്നു.
ഈ ദുഷ്‌കരമായ ഘട്ടത്തില്‍ കോലിക്ക് ടീമിന്റെ പിന്തുണ ആവശ്യമുണ്ടോ എന്നായിരുന്നു രോഹിത്തിന് നേര്‍ക്ക് വന്ന ഒരു ചോദ്യം. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയുടെ ആവശ്യം പോലുമില്ലെന്ന് പറഞ്ഞ രോഹിത്, കോലിക്ക് ഒരു പ്രത്യേക ഉറപ്പ് നല്‍കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
''അദ്ദേഹം (കോലി) ഒരുപാട് മത്സരങ്ങള്‍ കളിച്ചയാളാണ്. ഒരുപാട് വര്‍ഷങ്ങളായി കളിക്കുന്നുമുണ്ട്. അദ്ദേഹം മികച്ചൊരു ബാറ്ററാണ്, അതിനാല്‍ തന്നെ ടീമിലെ സ്ഥാനത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് ഒരു ഉറപ്പും അദ്ദേഹത്തിന് ആവശ്യമില്ല. എന്റെ അവസാന പത്രസമ്മേളനത്തിലും ഞാന്‍ ഇത് ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഫോമിന്റെ കാര്യത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും, അത് ഏതൊരു ക്രിക്കറ്ററുടെയും കരിയറിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തെപ്പോലെ ഇത്രയും വര്‍ഷം കളിച്ചിട്ടുള്ള, നിരവധി റണ്‍സ് നേടിയിട്ടുള്ള, ഇത്രയും മത്സരങ്ങള്‍ ജയിച്ചിട്ടുള്ള ഒരു കളിക്കാരന് ഒന്നോ രണ്ടോ ഇന്നിങ്‌സുകള്‍ മതി തിരിച്ചുവരാന്‍. ഇതാണ് എന്റെ പക്ഷം. ക്രിക്കറ്റ് പിന്തുടരുന്ന എല്ലാവരും ഇതുപോലെ തന്നെ ചിന്തിക്കുമെന്ന് എനിക്കുറപ്പുണ്ട്.'' - രോഹിത് വ്യക്തമാക്കി.
എല്ലാ കളിക്കാരുടെയും പ്രകടനത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകുമെന്ന് പറഞ്ഞ രോഹിത് പക്ഷേ കളിക്കാരന്റെ നിലവാരം ഒരിക്കലും മോശമാകില്ലെന്നും അത് നമ്മള്‍ ഓര്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തേയും വിരാട് കോലിയെ പിന്തുണച്ച് രോഹിത് ശര്‍മ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 25 പന്തില്‍നിന്ന് 16 റണ്‍സ് മാത്രമെടുത്ത് കോലി പുറത്തായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..