ബെംഗളൂരു: എം.എസ് ധോനിയുടെ കാലം കഴിഞ്ഞൂവെന്നും അദ്ദേഹത്തില്‍ നിന്ന് കൂടുതലൊന്നും ഇനി പ്രതീക്ഷിക്കേണ്ടെന്നും മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ധോനിക്ക് പകരം മറ്റൊരാളെ കണ്ടെത്തേണ്ട സമയമാണിതെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ മുന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെയും രംഗത്തെത്തി.
ഒരു ഫിനിഷറെന്ന നിലയില്‍ ധോനിയെ ഇനി ആശ്രയിക്കാനാകില്ലെന്നും മധ്യനിര ഉത്തരവാദിത്തം കാണിച്ചാല്‍ മാത്രമേ ധോനിക്ക് പഴയപോലെ ഫിനിഷറുടെ റോള്‍ ഏറ്റെടുക്കാന്‍ കഴിയുകയുള്ളൂവെന്നും കുംബ്ലെ വ്യക്തമാക്കി. യുവതാരങ്ങള്‍ ഫിനിഷറുടെ റോള്‍ ഏറ്റെടുക്കണം. ധോനിയെ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ വിടണം. കുംബ്ലെ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി 16 മത്സരങ്ങളില്‍ നിന്ന് 455 റണ്‍സ് ധോനി നേടിയിരുന്നു. എന്നാല്‍ ആ മികവ് ഇന്ത്യക്ക് വേണ്ടി തുടരാന്‍ ധോനിക്ക് കഴിഞ്ഞില്ല. വിക്കറ്റിന് പിന്നില്‍ മികച്ചുനില്‍ക്കുമ്പോഴും ധോനി ബാറ്റിങ്ങില്‍ പരാജയമാകുന്നു. ഏഷ്യാ കപ്പില്‍ നാല് ഇന്നിങ്‌സില്‍ നിന്ന് 77 റണ്‍സ് മാത്രമാണ് ധോനി നേടിയത്.
India can't keep depending on MS Dhoni as finisher says Anil Kumble