സെഞ്ചൂറിയന്‍: ഓസ്‌ട്രേലിയയുടെ അഭിമാന മൈതാനമായിരുന്ന ഗാബയില്‍ ഇന്ത്യ ചരിത്ര വിജയം നേടിയത് 11 മാസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയുടെ സെഞ്ചൂറിയന്‍ കോട്ടയും കീഴടക്കിയിരിക്കുകയാണ് കോലിയും സംഘവും. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 113 റണ്‍സിന് ജയിച്ച ഇന്ത്യ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക് മൈതാനത്തെ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയമെന്ന നേട്ടവും സ്വന്തമാക്കി. 

ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും ശേഷം സെഞ്ചൂറിയനില്‍ ഒരു ടെസ്റ്റ് ജയിക്കുന്ന മൂന്നാമത്തെ സന്ദര്‍ശക ടീമും ഇന്ത്യയാണ്.

1992 മുതല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന 22 ടെസ്റ്റുകളില്‍ ഇന്ത്യയുടെ നാലാമത്തെ മാത്രം വിജയമാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ലീഡ് ചെയ്യുന്നതും ഇത് രണ്ടാം തവണ മാത്രമാണ്. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ 2006-07 കാലത്ത് പര്യടനം നടത്തിയ ഇന്ത്യന്‍ ടീമാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. പക്ഷേ അന്ന് പരമ്പര പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 1-2ന് തോല്‍ക്കുകയായിരുന്നു. 

സെഞ്ചൂറിയില്‍ ഒരു ടെസ്റ്റ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടം വിരാട് കോലി സ്വന്തമാക്കുകയും ചെയ്തു.

ഇംഗ്ലണ്ടാണ് സെഞ്ചൂറിയനില്‍ ടെസ്റ്റ് ജയിച്ച ആദ്യ സന്ദര്‍ശക ടീം. 2000-ലായിരുന്നു ഇത്. പിന്നീട് 2014-ല്‍ ഓസ്‌ട്രേലിയയാണ് ഇവിടെ ടെസ്റ്റ് ജയിക്കുന്നത്. അന്ന് സ്റ്റീവ് സ്മിത്ത്, ഷോണ്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ സെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ 281 റണ്‍സിനാണ് മൈക്കല്‍ ക്ലാര്‍ക്കിന്റെ സംഘം ജയിച്ചുകയറിയത്. 

സെഞ്ചൂറിയനില്‍ ഇതുവരെ 28 ടെസ്റ്റുകള്‍ കളിച്ച ദക്ഷിണാഫ്രിക്ക 21 എണ്ണത്തിലും ജയിച്ചു. തോറ്റത് മേല്‍പ്പറഞ്ഞ മൂന്ന് ടീമുകളോട് മൂന്ന് മത്സരങ്ങള്‍ മാത്രം.

Content Highlights: india breach become only 3rd visiting team to win a test at centurion