ഡബ്ലിന്‍: ഏകദിന ക്രിക്കറ്റില്‍ എട്ടാമനായി ഇറങ്ങി സെഞ്ചുറി കുറിക്കുന്ന ആദ്യ ബാറ്റ്സ്മാനായി അയര്‍ലന്‍ഡിന്റെ സിമി സിങ്. ഇന്ത്യന്‍ വംശജനായ സിമി കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് റെക്കോഡിട്ടത്. കളിയില്‍ ദക്ഷിണാഫ്രിക്ക 70 റണ്‍സിന് ജയിച്ചെങ്കിലും സിമിയുടെ ബാറ്റിങ് പ്രകടനം ലോകം ശ്രദ്ധിച്ചു. 

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നാലു വിക്കറ്റിന് 346 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ജാനെമന്‍ മലാന്‍ (177*), ക്വിന്റണ്‍ ഡി കോക്ക് (120) എന്നിവര്‍ സെഞ്ചുറിനേടി.
മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡ് ആറിന് 92 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് എട്ടാമനായി സിമി ക്രീസിലെത്തിയത്.

91 പന്തില്‍ 14 ഫോറുകള്‍ അടക്കം 100 റണ്‍സെടുത്ത് സിമി പുറത്താകാതെ നിന്നെങ്കിലും 47.1 ഓവറില്‍ 276 റണ്‍സില്‍ നില്‍ക്കെ മറ്റെല്ലാവരും മടങ്ങി. പഞ്ചാബിലെ ബത്ലാനയില്‍ ജനിച്ച സിമി സിങ് 2017 മുതല്‍ അയര്‍ലന്‍ഡ് ദേശീയ ടീമില്‍ കളിക്കുന്നു. ബൗളിങ് ഓള്‍റൗണ്ടറാണ്. പരമ്പര 1-1 തുല്യനിലയില്‍ പിരിഞ്ഞു.

Content Highlights: India born Simi Singh plays world record innings for Ireland