ദുബായ്: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിനൊപ്പം നഷ്ടപ്പെട്ട ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനായ ഐ.സി.സി പുറത്തുവിട്ട പുതിയ ടെസ്റ്റ് ടീം റാങ്കിങ് പ്രകാരം ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. 

കിവീസിനെ കശാപ്പുചെയ്ത ഇന്ത്യ 124 പോയന്റുമായി ഒന്നാം സ്ഥാനത്തുനില്‍ക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസീലന്‍ഡിനെ തന്നെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. രണ്ടാമതുള്ള ന്യൂസീലന്‍ഡിന് 121 പോയന്റാണുള്ളത്. 

രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0 ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കിവീസിനെ 372 റണ്‍സിന് തകര്‍ത്തു. 

108 പോയന്റുമായി ഓസ്‌ട്രേലിയയാണ് മൂന്നാമത്. 107 പോയന്റുമായി ഇംഗ്ലണ്ട് നാലാമതും 92 പോയന്റുമായി പാകിസ്താന്‍ അഞ്ചാമതും നില്‍ക്കുന്നു. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്വെ എന്നീ രാജ്യങ്ങള്‍ ആറുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളിലുണ്ട്. 

Content Highlights: India become number one ranked Test team after NZ series win