പോച്ചഫ്ട്രൂം (ദക്ഷിണാഫ്രിക്ക): ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ഓസ്ട്രേലിയയുടെ ഓപ്പണര്‍ ജേക് ഫ്രേസര്‍ റണ്‍ ഔട്ട്. അതേ ഓവറിലെ നാലാം പന്തില്‍ ക്യാപ്റ്റന്‍ മക്കെന്‍സി ഹാര്‍വിയെയും (4) അടുത്ത പന്തില്‍ ലെച്ച്ലാന്‍ ഹിയര്‍ണിയെയും (0) മടക്കി ഇന്ത്യയുടെ കാര്‍ത്തിക് ത്യാഗി ഓസ്ട്രേലിയയുടെ വിധിയെഴുതി. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയെ 74 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍. 24 റണ്‍സിന് നാലുവിക്കറ്റെടുത്ത പേസ് ബൗളര്‍ കാര്‍ത്തിക് ത്യാഗി കളിയിലെ താരമായി.

സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ ഒമ്പതിന് 233. ഓസ്ട്രേലിയ 43.3 ഓവറില്‍ 159 റണ്‍സിന് പുറത്ത്. 

വ്യാഴാഴ്ച നടക്കുന്ന ബംഗ്ലാദേശ് - ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികളാകും സെമിയില്‍ ഇന്ത്യയുടെ എതിരാളി. നിലവിലെ ജേതാക്കളായ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് അണ്ടര്‍ 19 ലോകകപ്പിന്റെ സെമി കളിക്കുന്നത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (82 പന്തില്‍ 62), അഥര്‍വ അങ്കോലേക്കര്‍ (54 പന്തില്‍ 55*) എന്നിവരാണ് 233 റണ്‍സിലെത്തിച്ചത്. 

മറുപടി ബാറ്റിങ്ങില്‍ നാലുവിക്കറ്റിന് 17 എന്ന നിലയില്‍ തകര്‍ന്ന ഓസ്ട്രേലിയ പക്ഷേ തിരിച്ചുവന്നു. ആറാം വിക്കറ്റില്‍ ഓപ്പണര്‍ സാം ഫാനിങ്ങും (127 പന്തില്‍ 75), ലിയാം സ്‌കോട്ടും (71 പന്തില്‍ 21) ചേര്‍ന്ന് 81 റണ്‍സടിച്ച് അവര്‍ക്ക് പ്രതീക്ഷ നല്‍കി. 

അവസാന 10 ഓവറില്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ 85 റണ്‍സ് മതിയായിരുന്നു. എന്നാല്‍ 41-ാംഓവറില്‍ ലിയാം സ്‌കോട്ടിനെ മടക്കി രവി ബിഷ്ണോയി ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നു. പിന്നീട് തുടരെ വിക്കറ്റുകള്‍ വീണു.

ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് ഈ ലോകകപ്പില്‍ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. മറ്റൊരു കളിയില്‍ 29 റണ്‍സുമായി പുറത്താകാതെനിന്നു. 16 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 55 എന്ന നിലയിലായിരുന്നു ഇന്ത്യ.

അവസാന ഓവറുകളില്‍ ഇന്ത്യ കുതിച്ചു. ഏഴാമനായ അഥര്‍വ അങ്കലേക്കര്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ രവി ബിഷ്ണോയി 31 പന്തില്‍ 30 റണ്‍സെടുത്തു. അവസാന അഞ്ച് ഓവറില്‍ ഇന്ത്യ 50 റണ്‍സെടുത്തു. അവസാന മൂന്ന് ഓവറില്‍ അടിച്ചത് 36 റണ്‍സ്.

Content Highlights: India beat Australia to enter U19 world cup semi