പൊച്ചഫ്ട്രൂം: കൗമാര ലോകകപ്പ് ക്രിക്കറ്റില്‍ ഒരിക്കല്‍കൂടി കപ്പുയര്‍ത്താമെന്ന മോഹത്തോടെ ഇന്ത്യ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നു. പ്രവചനങ്ങളെ കാറ്റില്‍പറത്തിയെത്തുന്ന ബംഗ്ലാദേശാണ് എതിരാളികള്‍. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതലാണ് അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിന്റെ കിരീടപോരാട്ടം.

നാല് വട്ടം ജേതാക്കളായ, തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ കളിക്കുന്ന, നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഫൈനലില്‍ മുന്‍തൂക്കമുണ്ട്. കളിയുടെ മൂന്ന് മേഖലകളിലും സന്തുലിതമായ പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്.

ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളിലും ആധികാരിക ജയമാണ് പ്രിയം ഗാര്‍ഗ് നയിക്കുന്ന ടീം നേടിയത്. ബാറ്റിങ്ങില്‍ ടോപ് സ്‌കോറര്‍ യശ്വസി ജയ്സ്വാള്‍, ദിവ്യനേഷ് സക്‌സേന, നായകന്‍ പ്രിയം ഗാര്‍ഗ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ധ്രുവ്ചന്ദ് ജുറെല്‍ എന്നിവര്‍ ഒറ്റയ്ക്ക് മത്സരം ജയിക്കാന്‍ കഴിയുന്ന ബാറ്റ്സ്മാന്മാരാണ്. ബൗളിങ്ങില്‍ കണിശതയും വ്യത്യസ്തയും ടീമിനുണ്ട്.

ആദ്യമായി ഫൈനല്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ബംഗ്ലാദേശ്. ഇന്ത്യക്കെതിരേ കളിക്കുന്നതില്‍ സമ്മര്‍ദമില്ലെന്ന് ബംഗ്ലാ നായകന്‍ അക്ബര്‍ അലി വ്യക്തമാക്കിക്കഴിഞ്ഞു.

ന്യൂസീലന്‍ഡിനെതിരേ സെഞ്ചുറി നേടിയ മഹ്മദുള്‍ ഹസന്‍, ഷഹ്ദത്ത് ഹുസൈന്‍, തന്‍സിത് ഹസന്‍ എന്നിവരുടെ ബാറ്റിങ് മികവിലാണ് ബംഗ്ലാദേശ് പ്രതീക്ഷ വെക്കുന്നത്.

ബൗളിങ്ങില്‍ ഇടംകൈയന്‍ സ്പിന്നര്‍ റബിബുള്‍ ഹസന്‍, ഷോറിഫുള്‍ ഇസ്ലാം എന്നിവരാണ് ടീമിന്റെ ശക്തി.

Content Highl;ight: Cricket, U19 Cricket World Cup India Bangladesh Final