ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് ജയം. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. ഇന്ത്യയ്‌ക്കെതിരേ ട്വന്റി 20-യില്‍ ബംഗ്ലാദേശ് നേടുന്ന ആദ്യ ജയമാണിത്. 

അര്‍ധ സെഞ്ചുറി നേടിയ മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാദേശിന്റെ വിജയശില്‍പി. 43 പന്തുകള്‍ നേരിട്ട മുഷ്ഫിഖുര്‍ ഒരു സിക്‌സും എട്ടു ബൗണ്ടറികളുമടക്കം 60 റണ്‍സോടെ പുറത്താകാതെ നിന്നു. മുഷ്ഫിഖുറും സൗമ്യ സര്‍ക്കാരും (39) മൂന്നാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഖലീല്‍ അഹമ്മദ് എറിഞ്ഞ 19-ാം ഓവറില്‍ 18 റണ്‍സെടുത്ത മുഷ്ഫിഖുറിന്റെ പ്രകടനമാണ് ബംഗ്ലാദേശിന്റെ വിജയത്തില്‍ നിര്‍ണായകമായത്. മുഹമ്മദ് നയീം 26 റണ്‍സെടുത്തു. മഹ്മദുള്ള 15 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്വിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തിരുന്നു. 41 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്. 

കെ.എല്‍ രാഹുല്‍ (15), ശ്രേയസ് അയ്യര്‍ (22), ഋഷഭ് പന്ത് (27) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. അരങ്ങേറ്റക്കാരന്‍ ശിവം ദുബെ ഒരു റണ്ണെടുത്ത് പുറത്തായി. ക്രുണാല്‍ പാണ്ഡ്യ (15), വാഷിങ്ടണ്‍ സുന്ദര്‍ (14) എന്നിവര്‍ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി അമിനുള്‍ ഇസ്ലാമും ഷഫിയുള്‍ ഇസ്ലാമും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

Content Highlights: India Bangladesh T20 Cricket NewDelhi