മെൽബൺ: ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾ രണ്ടാഴ്ച്ച ക്വാറന്റീനിൽ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. ക്വാറന്റീൻ കാലവാധി ഒരാഴ്ച്ചയായി കുറയ്ക്കാൻ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ അതു തള്ളുകയായിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സി.ഇ.ഒ നിക്ക് ഹോക്ക്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

14 ദിവസം ഹോട്ടലിൽ കഴിയുന്നത് താരങ്ങളുടെ മാനസികാവസ്ഥയേയും കളിയുടെ നിലവാരത്തേയും ബാധിക്കുമെന്നായിരുന്നു ഗാംഗുലി ഉയർത്തിയിരുന്ന വാദം. എന്നാൽ ഇതിന് പ്രസക്തിയില്ലെന്നും രണ്ടാഴ്ച്ച ക്വാറന്റീനുണ്ടാകുമെന്നും ഈ സമയത്ത് താരങ്ങൾക്ക് പരിശീലനത്തിനുള്ള സൗകര്യമൊരുക്കുമെന്നും ഹോക്ക്ലി വ്യക്തമാക്കി. അഡ്ലെയ്‌ഡ് ഓവലിൽ പരിശീലനവും അവിടെ പുതുതായി നിർമിച്ച ഹോട്ടലിൽ താമസ സൗകര്യവും ഒരുക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പദ്ധതി.

കൊറോണ വൈറസ് ബാധ പരമാവധി കുറയ്ക്കാൻ സഹായിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതാണ് ഏറ്റവും പ്രധാനം. അതിന് കഴിഞ്ഞില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തുന്നത്. ഇതിനുവേണ്ടി അധികാരികളുടേയും ആരോഗ്യ വിദഗ്ധരുടേയും മാർഗ്ഗനിർദേശങ്ങൾ സ്വീകരിക്കുകയും അതനുസരിച്ച് മുന്നോട്ടുപോകുകയും ചെയ്യും. ഹോക്ക്ലി കൂട്ടിച്ചേർത്തു.

ഈ വർഷത്തെ ട്വന്റി-20 ലോകകപ്പ് ഓസ്ട്രേലിയയിലായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോകകപ്പ് സംഘടിപ്പിക്കാനാകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഐ.സി.സിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഐ.സി.സി ലോകകപ്പ് മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ ഇന്ത്യൻ പര്യടനം ഏറെ കരുതലോടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ കാണുന്നത്. മൂന്നു വീതം ട്വന്റി-20യും ഏകദിനവും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഒക്ടോബർ 11 മുതൽ അടുത്ത വർഷം ജനുവരി 17 വരെ നീണ്ടുനിൽക്കുന്നതാണ് പരമ്പര. ഒക്ടോബർ 11-ന് ട്വന്റി-20 പരമ്പര തുടങ്ങും. ഡിസംബർ മൂന്നു മുതൽ ടെസ്റ്റ് പരമ്പരയും ആരംഭിക്കും.

Content Highlights: India Australia Tour, Quarantine Period, Covid 19, Corona Virus