ഗോള്‍ഡ് കോസ്റ്റ്: 15 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയുമായി ടെസ്റ്റ് ക്രിക്കറ്റ് മത്സരം കളിക്കുന്നു. വ്യാഴാഴ്ച്ചയാണ്‌ മത്സരം ആരംഭിക്കുക. നിലവില്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യ ഏകദിന പരമ്പരയില്‍ 2-1 ന് പരാജയപ്പെട്ടിരുന്നു. 

പകലും രാത്രിയുമായാണ് മത്സരം നടക്കുക. പിങ്ക് ബോളാണ് മത്സരത്തിനുപയോഗിക്കുക. ഇതാദ്യമായാണ് ഇന്ത്യന്‍ വനിതാ ടീം പിങ്ക് ബോള്‍ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുന്നത്. ഓസ്‌ട്രേലിയ ഇതിനുമുന്‍പ് ഒരു മത്സരം കളിച്ചിട്ടുണ്ട്. 

2006 ലാണ് ഇന്ത്യന്‍ വനിതാ ടീം അവസാനമായി ഓസ്‌ട്രേലിയയ്‌ക്കെതിരേ ടെസ്റ്റ് മത്സരം കളിച്ചത്. അന്ന് ടീമിലിടം നേടിയ ജൂലന്‍ ഗോസ്വാമിയും നായിക മിതാലി രാജും ഇന്നും ടീമിലുണ്ട്.  

പരിക്കുമൂലം ഹര്‍മന്‍പ്രീത് കൗര്‍ ടീമില്‍ നിന്ന് പുറത്തായി. യസ്തിക ഭാട്ടിയയും മേഘ്‌ന സിങ്ങും ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തും. ജൂലന്‍ ഗോസ്വാമി-മേഘ്‌ന-പൂജ സഖ്യമാകും ഇന്ത്യയുടെ പേസ് വിഭാഗത്തില്‍ അണിനിരക്കുക. സ്‌നേഹ് റാണയും ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയും സ്പിന്നര്‍മാരായി കളിക്കും. വിക്കറ്റ് കീപ്പറായി താനിയ ഭാട്ടിയ തിരിച്ചെത്തിയേക്കും. 

ബാറ്റിങ്ങില്‍ നായിക മിതാലി രാജ്, സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ് എന്നിവര്‍ അണിനിരക്കും. ഹര്‍മന്‍പ്രീത് ഇല്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഇന്ത്യന്‍ സമയം രാവിലെ 10 മണിക്കാണ് മത്സരം ആരംഭിക്കുക.

Content Highlights: India, Australia renew Test rivalry after 15 years with landmark day-nighter