ബെംഗളൂരു: തുടര്‍ച്ചയായ പത്ത് വിജയങ്ങളെന്ന റെക്കോഡ് 21 റണ്‍സ് അരികെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. തുടര്‍ച്ചയായ തോല്‍വികള്‍ സമ്മാനിച്ച നാണക്കേടുമായി ഇറങ്ങിയ ഓസീസ് കോലിയെയും സംഘത്തെയും നിശ്ചിത ഓവറില്‍ 313 റണ്‍സിന് പിടിച്ചുകെട്ടി പരമ്പരയിലെ ആദ്യ വിജയം ആഘോഷിച്ചു. ഓസീസ് മുന്നോട്ടുവെച്ച 335 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ വിജയപ്രതീക്ഷ നല്‍കിയെങ്കിലും അതെല്ലാം ഓസീസ് ബൗളര്‍മാര്‍ തല്ലിക്കെടുത്തി.

ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഓവറുകളില്‍ മത്സരം അനുകൂലകമാക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെടുകയായിരുന്നു. ഓസീസ് ബൗളര്‍മാരകട്ടെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുക്കുകയും ചെയ്തു. രഹാനെയും രോഹിതുമടങ്ങുന്ന ഓപ്പണിങ് കൂട്ടുകെട്ട് 106 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. 66 പന്തില്‍ 53 റണ്‍സടിച്ച രഹാനെയെ പുറത്താക്കി റിച്ചാര്‍ഡ്‌സണ്‍ ആ കൂട്ടുകെട്ട് പൊളിച്ചു. 55 പന്തില്‍ 65 റണ്‍സെടുത്ത രോഹിത് ശര്‍മ്മ റണ്‍ഔട്ടുമായി. 

വിരാട് കോലി 21 റണ്‍സിന് പുറത്തായ ശേഷം നാലാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയും കേദര്‍ ജാദവും മധ്യനിരയില്‍ ഇന്ത്യക്ക് കരുത്തേകി. പക്ഷേ പാണ്ഡ്യ 41 റണ്‍സില്‍ പുറത്തായതോടെ ആ കൂട്ടുകെട്ട് പൊളിഞ്ഞു. കഴിഞ്ഞ ഏകദിനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച രീതിയില്‍ ബാറ്റു ചെയ്ത ജാദവ് 69 പന്തില്‍ 67 റണ്‍സ് അടിച്ച് ഇന്ത്യക്ക് വിജയപ്രതീക്ഷയേകി. പിന്നീട് മനീഷ് പാണ്ഡയിലും എം.എസ് ധോനിയിലുമായി ഇന്ത്യയുടെ പ്രതീക്ഷ. പക്ഷേ ഫിനിഷിങ്ങില്‍ ഇരുവര്‍ക്കും പാളിപ്പോയി. പാണ്ഡ 33 റണ്‍സിനും ധോനി 13 റണ്‍സിനും പുറത്തായതോടെ ഇന്ത്യയുടെ പരാജയമുറപ്പിച്ചു. അക്‌സര്‍ പട്ടേല്‍ അഞ്ചു റണ്‍സിനും ക്രീസ് വിട്ടു. ആറു റണ്‍സുമായി ഷമിയും രണ്ട് റണ്‍സുമായി യാദവും പുറത്താവാതെ നിന്നു. ഓസീസിനായി റിച്ചാര്‍ഡ്‌സണ്‍ മൂന്നും കോള്‍ട്ടര്‍ നെയ്ല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 

David Warner
ഫോട്ടോ:എ.പി

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് അടിച്ചുകൂട്ടി. പരമ്പരയില്‍ ആദ്യമായാണ് ഒരു ടീം 300ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തുന്നത്.

ആദ്യ മൂന്നു ഏകദിനങ്ങളിലും പരാജയപ്പെട്ട് പരമ്പര അടിയറ വെച്ച ഓസ്ട്രേലിയക്ക് ഇത് നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനുള്ള മത്സരമാണ്. അതുകൊണ്ടുതന്നെ രണ്ടും കല്‍പ്പിച്ചാണ് സ്മിത്തും സംഘവും ഗ്രൗണ്ടിലിറങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ തന്നെ 231 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ഓസീസിന്റെ തീരുമാനം വ്യക്തമാക്കി.

119 പന്തില്‍ 12 ഫോറും നാല് സിക്സുമടക്കം 124 റണ്‍സ് അടിച്ചുകൂട്ടിയ വാര്‍ണറെ കേദര്‍ ജാദവ് പുറത്താക്കിയതോടെയാണ് ആ കൂട്ടുകെട്ട് പൊളിഞ്ഞത്. അടുത്ത ഓവറില്‍ ഉമേഷ് യാദവ്, ആരോണ്‍ ഫിഞ്ചിനെയും പുറത്താക്കി. ആറു റണ്‍സകലെ വെച്ച് സെഞ്ചുറി നഷ്ടപ്പെട്ട ഫിഞ്ച് 10 ഫോറും മൂന്നു സിക്സുമാണ് നേരിട്ട 96 പന്തില്‍ അടിച്ചത്.

david warner
ഫോട്ടോ:എ.പി

ട്രാവിസ് ഹെഡ് 29 റണ്‍സിന് പുറത്തായപ്പോള്‍ സ്റ്റീവ് സ്മിത്തിനും കാര്യമായി ഒന്നും ചെയ്യാനായില്ല. മൂന്നു റണ്‍സെടുത്ത സ്മിത്തിനെ യാദവ് കോലിയുടെ കൈയിലെത്തിച്ചു. അവസാന ഓവറുകളില്‍ ഹാന്‍ഡ്സ്‌കോമ്പാണ് ഓസീസിന്റെ സ്‌കോര്‍ 300 കടത്തിയത്. 30 പന്തില്‍ 43 റണ്‍സ് നേടിയ ഹാന്‍ഡ്സ്‌കോമ്പിന്റെ ബാറ്റില്‍ നിന്ന് മൂന്നു ഫോറും ഒരു സിക്സും പിറന്നു. 15 റണ്‍സെടുത്ത് സ്റ്റോയ്ന്‍സും മൂന്നു റണ്‍സുമായി വെയ്ഡും പുറത്താവാതെ നിന്നു. അതേസമയം ഇന്ത്യക്കായി ഉമോഷ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.