വെല്ലിങ്ടണ്‍: ഇന്ത്യ വീണ പേസ് പിച്ചില്‍ ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍മാരുടെ അതിജീവനം. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരേ ന്യൂസീലന്‍ഡിന് ഒന്നാമിന്നിങ്‌സ് ലീഡ്. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ 165 റണ്‍സിന് പുറത്താക്കിയ കിവീസ് രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. അഞ്ച് വിക്കറ്റ് കൈയിലിരിക്കേ 51  റണ്‍സിന്റെ ലീഡായി ആതിഥേയര്‍ക്ക്.

ബി.ജെ. വാട്‌ലിങ്ങും (14) കോളിന്‍ ഡി ഗ്രാന്തോമുമാണ് (4) രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ക്രീസില്‍.

89 റണ്‍സെടുത്ത വില്യംസണാണ് ന്യൂസീലന്‍ഡിന് ലീഡ് സമ്മാനിച്ചത്.
റോസ് ടെയ്‌ലര്‍ (44), ടോം ബ്ലന്‍ഡല്‍ (30) എന്നിവരും പിടിച്ചുനിന്നു.
 ടോം ലാദം (11), ഹെന്റി നിക്കോള്‍സ് (17) എന്നിവരുടെ വിക്കറ്റുകളും ആതിഥേയര്‍ക്ക് നഷ്ടമായി. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ മൂന്നും മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.

നേരത്തെ അഞ്ചിന് 122 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 43 റണ്‍സ് കൂടി മാത്രമാണ്‌ ചേര്‍ക്കാനായത്. അജിന്‍ക്യ രഹാനെയാണ് (46) ടോപ്‌ സ്‌കോറര്‍. ഋഷഭ് പന്ത് (19), മുഹമ്മദ് ഷമി (21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രവിചന്ദ്രന്‍ അശ്വിന്‍ (0), ഇഷാന്ത് ശര്‍മ (5) എന്നിവരുടെ വിക്കറ്റ് കൂടിയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജസ്പ്രീത് ബുംറ (0*) പുറത്താകാതെ നിന്നു.
കിവീസിനായി ടിം സൗത്തിയും കെയ്ല്‍ പാറ്റിന്‍സണും നാല് വീതം വിക്കറ്റെടുത്തു.  

മൂന്നാം ദിനം ന്യൂസീലന്‍ഡിനെ ആദ്യ സെഷനില്‍ തന്നെ പുറത്താക്കിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനാകൂ.

Content Highlights: india all out for just 165