മുംബൈ: ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ ധവാനെ ഉള്‍പ്പെടുത്തി. വിരലിന് പരിക്കേറ്റ വിജയ് ശങ്കറിന് പകരക്കാരനായിട്ടാണ് ധവാന്‍ ടീമിലെത്തുന്നത്. സെപ്റ്റംബര്‍ നാലിനും ആറിനും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലാണ് നാലും അഞ്ചു ഏകദിനങ്ങള്‍ നടക്കുക.

ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തുപോയ ധവാന്‍ വിന്‍ഡീസ് പര്യടനത്തില്‍ കളിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ട്വന്റി-20 പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 27 റണ്‍സും രണ്ട് ഏകദിനങ്ങളില്‍ നിന്ന് 38 റണ്‍സും മാത്രമാണ് ധവാന്‍ നേടിയത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20, ഏകദിന പരമ്പരയ്ക്കുള്ള ടീമിലും താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പരമ്പരയ്ക്ക് മുമ്പ് ഫോം വീണ്ടെടുക്കയെന്ന ലക്ഷ്യത്തോടെയാണ് ധവാന്‍ ഇന്ത്യ എ ടീമില്‍ കളിക്കുന്നത്.  ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കുന്ന ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ വിജയിച്ചിരുന്നു. 

Content Highlights: India A vs South Africa A Shikhar Dhawan Cricket