തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം അനൗദ്യോഗിക ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെ രണ്ടു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ എ.
മഴമൂലം 21 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ ടീം മറികടന്നു. 24 പന്തില്‍ നിന്ന് നാലു സിക്‌സും അഞ്ചു ബൗണ്ടറിയുമടക്കം 55 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
ഇതോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ എ 2-0 ന് മുന്നിലെത്തി. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 69 റണ്‍സിന് വിജയിച്ചിരുന്നു.
റുതുരാജ് ഗെയ്ക്ക്‌വാദ് (1), ശുഭ്മാന്‍ ഗില്‍ (21), അന്‍മോല്‍പ്രീത് സിങ് (30), ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ (13), അക്ഷര്‍ പട്ടേല്‍ (10) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ക്രുണാല്‍ പാണ്ഡ്യ 23 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്ക എയ്ക്കായി ജൂനിയര്‍ ദാല രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക എ 21 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ജോര്‍ജ് ലിന്‍ഡെയാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. ആറാമനായി ഇറങ്ങിയ ലിന്‍ഡെ വെറും 25 പന്തില്‍ നിന്ന് അഞ്ചു സിക്സും ഒരു ബൗണ്ടറിയുമടക്കം 52 റണ്‍സോടെ പുറത്താകാതെ നിന്നു.
15 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ടെംബ ബവുമ (40), ഖായ സോണ്‍ഡോ (24), ഹെന്റിക്ക് ക്ലാസന്‍ (31) എന്നിവരുടെ ഇന്നിങ്സുകളാണ് തുണയായത്. ആറു റണ്ണെടുത്ത ഓപ്പണര്‍ ജന്നെമാന്‍ മാലന്‍ റണ്‍ഔട്ടായി. ഒരു റണ്ണെടുത്ത ഹെന്‍ട്രിക്ക്‌സിനെ ഖലീല്‍ അഹമ്മദ് പുറത്താക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, യൂസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രാവിലെ ഒമ്പതിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴ മൂലം വൈകിയാണ് തുടങ്ങിയത്.
Content Highlights: India A vs South Africa A Cricket