തിരുവനന്തപുരം: ബുധനാഴ്ച മഴ കാരണം ഇടയ്ക്കുവെച്ച് നിര്‍ത്തിയ ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ നാലാം ഏകദിനം വ്യാഴാഴ്ചയും വൈകുന്നു. കനത്ത മഴ കാരണം ഔട്ട്ഫീല്‍ഡ് നനഞ്ഞു കിടക്കുന്നതാണ് മത്സരം വ്യാഴാഴ്ചയും വൈകിപ്പിക്കുന്നത്. 

ബുധനാഴ്ച രസംകൊല്ലിയായി രണ്ടുതവണ മഴ എത്തിയതോടെ മത്സരം തടസപ്പെടുകയായിരുന്നു. ഇതോടെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 25 ഓവറില്‍ 193 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. ഇന്ത്യ 7.4 ഓവറില്‍ ഒരു വിക്കറ്റിന് 56 റണ്‍സില്‍ നില്‍ക്കെ രണ്ടാമതും മഴ പെയ്തതോടെ കളി അടുത്തദിവസം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 17.2 ഓവര്‍ ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 137 റണ്‍സുകൂടി വേണം. 

ഓപ്പണര്‍ ശിഖര്‍ ധവാനും (21 പന്തില്‍ 34), പ്രശാന്ത് ചോപ്രയുമാണ് (16 പന്തില്‍ 6) ക്രീസില്‍. ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് (9 പന്തില്‍ 12) നഷ്ടമായി. 

ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ റീസാ ഹെന്റിക്‌സിന്റെ (70 പന്തില്‍ 60*) കരുത്തില്‍ 21 ഓവറില്‍ ഒരു വിക്കറ്റിന് 108 റണ്‍സിലെത്തിയപ്പോഴേയ്ക്കും മഴ വന്നു. ഓപ്പണര്‍ ബ്രീറ്റ്‌സ്‌കെയുടെ (31 പന്തില്‍ 25) വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. 

ഏറെനേരം മഴ കളി തടസ്സപ്പെടുത്തിയേതാടെ മത്സരം 25 ഓവറാക്കി ചുരുക്കി. ക്യാപ്റ്റന്‍ തെംബാ ബവുമാ (39 പന്തില്‍ 28) പരിക്കുകാരണം മഴയ്ക്കുശേഷം ബാറ്റിങ്ങിനിറങ്ങിയില്ല. വിക്കറ്റ് കീപ്പര്‍ ഹെന്റിക് ക്ലാസന്റെ (12 ബോളില്‍ 21) വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്ക 25 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 137 റണ്‍സിലെത്തി.

മഴ പെയ്തതോടെ ഇന്ത്യയുടെ വിജയലക്ഷ്യം പുനര്‍ നിര്‍ണയിച്ചത് വി.ജെ.ഡി.നിയമപ്രകാരമാണെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വി.ജെ.ഡി നിയമമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ വിജയലക്ഷ്യം 184 ആകുമായിരുന്നു. 

വി.ജെ.ഡി. നിയമം ആവിഷ്‌കരിച്ചത് മലയാളിയായ എന്‍ജിനീയര്‍ വി.ജയദേവനാണ്. മഴ കാരണം കളി മുടങ്ങിയാല്‍ ആഭ്യന്തരമത്സരങ്ങളില്‍ ബി.സി.സി.ഐ. വി.ജെ.ഡി.നിയമമാണ് ഉപയോഗിച്ചുവരുന്നത്.

Content Highlights: India A vs South Africa A 4th ODI rain interruption continues