കല്‍പ്പറ്റ: വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ടീം ശക്തമായ നിലയില്‍. ആറു വിക്കറ്റ് നഷ്ടത്തില്‍ 540 റണ്‍സെന്ന നിലയില്‍ ആദ്യ ഇന്നിങ്‌സ് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ഇതോടെ ഇന്ത്യ എ ടീമിന് 200 റണ്‍സ് ലീഡ് ലഭിച്ചു. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ലയണ്‍സ് 340 റണ്‍സിന് പുറത്തായിരുന്നു.

ഇരട്ട സെഞ്ചുറി നേടിയ പ്രിയങ്ക് പഞ്ചലിന്റേയും സെഞ്ചുറിയടിച്ച ശ്രീകര്‍ ഭരതിന്റേയും ഇന്നിങ്‌സുകളാണ് ഇന്ത്യ എ ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 313 പന്തില്‍ 26 ഫോറിന്റേയും മൂന്ന് സിക്‌സിന്റേയും അകമ്പടിയോടെ പഞ്ചല്‍ 206 റണ്‍സാണ് അടിച്ചെടുത്തത്. ഭരത് 139 പന്തില്‍ 142 റണ്‍സ് നേടി. 11 ബൗണ്ടറിയോടെയായിരുന്നു ഈ ഇന്നിങ്‌സ്. 

ഓപ്പണര്‍ കെ.എല്‍ രാഹുല്‍ 89 റണ്‍സ് നേടി. 28 റണ്‍സോടെ ജലജ് സക്‌സേനയും 12 റണ്‍സുമായി ശ്രദ്ധുല്‍ ഠാക്കൂറും പുറത്താകാതെ നിന്നു. ചാപ്പല്‍ മൂന്ന് വിക്കറ്റുമായും ബ്രിഗ്‌സ് രണ്ട് വിക്കറ്റോടെയും പുറത്താകാതെ നിന്നു. പോര്‍ട്ടെര്‍ ഒരു വിക്കറ്റ് നേടി. 

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ലയണ്‍സിനായി ഓപ്പണര്‍ ഡക്കറ്റാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഡക്കറ്റ് 118 പന്തില്‍ 80 റണ്‍സ് നേടി. ഹെയ്ന്‍ 61 റണ്‍സും ജാക്ക്‌സ് 63 റണ്‍സും നേടി. 

Content Highlights: India A vs England Lions First Unofficial Test Cricket