കൃഷ്ണഗിരി (വയനാട്): ഇന്ത്യ എ ടീമിനെതിരായ ചതുര്‍ദിന ക്രിക്കറ്റിന്റെ ആദ്യദിനം ഇംഗ്ലണ്ട് ലയണ്‍സിന് ആധിപത്യം. വ്യാഴാഴ്ച കളിനിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റിന് 303 എന്നനിലയിലാണ് ലയണ്‍സ്. ഓപ്പണര്‍ ബെന്‍ ഡക്കറ്റ് (118 പന്തില്‍ 80), സാം ഹെയ്ന്‍ (167 പന്തില്‍ 61) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. സ്റ്റീവന്‍ മുള്ളാനെ (39*), വില്‍ ജാക്‌സ് (40*) എന്നിവരാണ് ക്രീസില്‍.

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. പിച്ചിലെ ഈര്‍പ്പം ബൗളര്‍മാര്‍ക്ക് അനുകൂലമാകുമെന്ന ഇന്ത്യയുടെ കണക്കുകൂട്ടല്‍ ഇംഗ്ലണ്ട് തെറ്റിച്ചു. ഒരു മണിക്കൂര്‍ വൈകിയാരംഭിച്ച കളിയില്‍ സന്ദര്‍ശകര്‍ ഏകദിന ശൈലിയില്‍ ബാറ്റുവീശി. തുടക്കംമുതല്‍ ആക്രമിച്ച ബെന്‍ ഡക്കറ്റും മാക്‌സ് ഹോള്‍ഡനും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. നവ്ദീപ് സയ്നിയുടെ പന്തില്‍ ക്യാച്ച് നല്‍കി ഹോള്‍ഡന്‍ മടങ്ങുമ്പോള്‍ ഓപ്പണിങ് വിക്കറ്റില്‍ 82 റണ്‍സെത്തിയിരുന്നു.

വണ്‍ഡൗണായ സാം ഹെയ്ന്‍ കളിയുടെ വേഗം കുറച്ചു. മറുവശത്ത് സെഞ്ചുറിയിലേക്ക് നീങ്ങിയ ഡക്കറ്റിനെ ഠാക്കൂര്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ലയണ്‍സ് സമ്മര്‍ദത്തിലായി. ഒലി പോപ്പിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആവേശ് ഖാന്റെ തകര്‍പ്പന്‍ പന്ത് പോപ്പിന്റെ (8) കുറ്റിതെറിപ്പിച്ചു. ക്രീസില്‍ ഉറച്ചുനിന്ന സാം ഹെയ്നിനെ സ്പിന്നര്‍ ജലജ് സക്‌സേന മടക്കി. നിലയുറപ്പിക്കുംമുന്‍പ് ക്യാപ്റ്റന്‍ സാം ബില്ലിങ്സിനെയും സയ്നി മടക്കിയെങ്കിലും ഇംഗ്ലണ്ടിന്റെ മധ്യനിര ചെറുത്തുനിന്നു. മുള്ളാനെയും വില്‍ ജാക്‌സും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 63 റണ്‍സ് അടിച്ചുകഴിഞ്ഞു.

Content Highlights: India A vs England Lions Cricket First Unofficial Test