തിരുവനന്തപുരം:  ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ആദ്യ ഏകദിനത്തില്‍ അജിങ്ക്യ രഹാനേയുടെ കീഴിലിറങ്ങിയ ഇന്ത്യ എ ടീമിന് മൂന്ന് വിക്കറ്റ് വിജയം. 286 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ എ ടീം ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി അഞ്ച് പന്ത് ബാക്കിനില്‍ക്കെ വിജയതീരത്തെത്തി. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ എ 1-0ത്തിനു മുന്നിലെത്തി. അവസാന ഓവര്‍ വരെ ക്രീസില്‍നിന്ന് അര്‍ധസെഞ്ചുറിയുമായി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനാണ് കളിയിലെ താരം.

അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (87 പന്തില്‍ 59), ഇഷാന്‍ കിഷന്‍ (48 പന്തില്‍ പുറത്താകാതെ 57) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ശാര്‍ദ്ധുല്‍ ഠാക്കൂര്‍ അഞ്ചു പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു. അന്‍മല്‍പ്രീത് 33 റണ്‍സെടുത്തു. ലയണ്‍സിനായി സാക്ക് ചാപ്പല്‍ മൂന്നും ഗ്രിഗറിയും ഡാനിയും രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ലയണ്‍സ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 285 റണ്‍സെടുത്തത്. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സാം ബില്ലിങ്‌സിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ട് ലയണ്‍സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 104 പന്തുകള്‍ നേരിട്ട ബില്ലിങ്‌സ്, അഞ്ചു ബൗണ്ടറിയും നാലു സിക്‌സും സഹിതം 108 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

India A Team
രഹാനെ പുറത്തായപ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സിന്റെ ആഘോഷം  ഫോട്ടോ: എസ്.ശ്രീകേഷ്

 

ഓപ്പണര്‍ അലക്‌സ് ഡേവിസിന്റെ അര്‍ധസെഞ്ചുറിയും ഇംഗ്ലണ്ടിനു കരുത്തായി. 64 പന്തില്‍ ഏഴു ബൗണ്ടറി സഹിതം 54 റണ്‍സെടുത്താണ് അലക്‌സ് പുറത്തായത്. ഇന്ത്യ എയ്ക്കായി സിദ്ധാര്‍ഥ് കൗള്‍ മൂന്നും മായങ്ക് മര്‍ക്കണ്ഡെ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 

Content Highllights: India A Team Wins First ODI Against England Lions Rahul Dravid