തിരുവനന്തപുരം:  ചെറിയ സ്‌കോര്‍ പോലും പ്രതിരോധിക്കാനാകാതെ ഇംഗ്ലണ്ട് ലയണ്‍സ് വീണതോടെ ഇന്ത്യ എ ടീമിന് ഏകദിന പരമ്പര. തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ യുവനിരയുടെ വിജയം. 

173 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ലയണ്‍സ് 30.5 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര 3-0ത്തിന് ഇന്ത്യ നേടി. ഇനി രണ്ട് ഏകദിനങ്ങളാണ് ശേഷിക്കുന്നത്. ഈ രണ്ടെണ്ണത്തിലും രഹാനെ കളിക്കില്ല. പകരം അങ്കിത് ബാവ്‌നയാണ് ഇന്ത്യയെ നയിക്കുക. സീനിയര്‍ ടീമംഗമായ ഋഷഭ് പന്ത്‌ അവസാന രണ്ട് മത്സരങ്ങളില്‍ ടീമിനൊപ്പം ചേരും. 

5.5 ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയാണ് ഇംഗ്ലണ്ട് ലയണ്‍സിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ക്രുണാല്‍ തന്നെയാണ് കളിയിലെ താരവും. 39 റണ്‍സെടുത്ത ബെന്‍ ഡെക്കറ്റാണ് സന്ദര്‍ശകരുടെ ടോപ്പ് സ്‌കോറര്‍. ആറു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. രണ്ട് വിക്കറ്റ് വീതമെടുത്ത അക്‌സര്‍ പട്ടേലും നവദീപ് സായ്‌നിയും ക്രുണാലിന് മികച്ച പിന്തുണ നല്‍കി. ചാഹര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഇന്ത്യ എ ടീം ചാഹറിന്റേയും ഇഷാന്‍ കിഷന്റേയും ബാറ്റിങ് മികവിലാണ് സ്‌കോര്‍ 150 കടത്തിയത്. ഇഷാന്‍ 30 റണ്‍സടിച്ചപ്പോള്‍ ചാഹര്‍ 39 റണ്‍സ് നേടി. വിലക്ക് പിന്‍വലിച്ച ശേഷം കളത്തിലിറങ്ങിയ കെ.എല്‍ രാഹുല്‍ 13 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പൂജ്യത്തിന് പുറത്തായി. മൂന്ന് വിക്കറ്റെടുത്ത ജാമി ഒവര്‍ട്ടനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ലെവിസ് ഗ്രിഗറി, മാത്യു കാര്‍ട്ടെര്‍, വില്‍ ജാക്ക്‌സ് എന്നിവരുമാണ് ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. 

Content Highlights: India A Team Win Series vs England Lions