ബെംഗളൂരു: രണ്ടിന്നിങ്‌സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ ബൗളിങ് മികവില്‍ ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്‌സിനും 30 റണ്‍സിനുമാണ് ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്ക എ ടീമിനെ പരാജയപ്പെടുത്തിയത്. 

ഒന്നാമിന്നിങ്‌സിലെ 338 റണ്‍സ് കടവുമായി രണ്ടാമിന്നിങ്‌സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 308 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 94 റണ്‍സെടുത്ത റൂഡി സെക്കണ്ടും 50 റണ്‍സടിച്ച വോണ്‍ ബെര്‍ഗും 63 റണ്‍സുമായി സുബയ്ര്‍ ഹംസയും 41 റണ്‍സ് നേടിയ മുത്തുസ്വാമിയും ചെറുത്തുനിന്നെങ്കിലും പരാജയം തടയാനായില്ല. രണ്ടിന്നിങ്‌സിലും അഞ്ചു വിക്കറ്റ് വീഴ്ത്തിയ സിറാജിന്റെ ബൗളിങ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ കുഴക്കുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 246 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്താകുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലും 94 റണ്‍സുമായി സെക്കന്‍ഡ് തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലായത്. എന്നാല്‍ 47 റണ്‍സെടുത്ത എര്‍വിയല്ലാതെ മറ്റാരും പിന്തുണ നല്‍കിയില്ല. ഇതോടെ 88.3 ഓവറില്‍ എല്ലാവരും പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇരട്ടസെഞ്ചുറിയടിച്ച മായങ്ക് അഗര്‍വാളിന്റേയും സെഞ്ചുറിയടിച്ച പൃഥ്വി ഷായുടേയും മികവില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചു. ഇരുവരും ഒന്നാം വിക്കറ്റില്‍ 277 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.  ഭാരതും വിഹാരിയും അര്‍ധ സെഞ്ചുറിയും നേടി. ഇന്നിങ്‌സ് എട്ടു വിക്കറ്റിന് 584 റണ്‍സിലെത്തിയതോടെ ഡിക്ലയര്‍ ചെയ്ത ഇന്ത്യ 338 റണ്‍സിന്റെ ലീഡ് നേടി.

Content Highlights: India A Innings Win vs South Africa A