ട്വന്റി-20 ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇതിന് മുന്നോടിയായി ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്ക് യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് ബിസിസിഐ പുതിയ ടീമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്തവണയും മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം ലഭിച്ചില്ല എന്നതാണ് ശ്രദ്ധേയം. ഇതിന് പിന്നാലെ സഞ്ജു സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു. ആ പോസ്റ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. 

തന്റെ ചില മികച്ച ഫീല്‍ഡിങ് ചിത്രങ്ങളാണ് സഞ്ജു ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ ജഴ്‌സിയിലും ഐപിഎല്‍ ടീം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ജഴ്‌സിയിലുമുള്ള മനോഹര ഫീല്‍ഡിങ് ചിത്രങ്ങളാണിത്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് സഞ്ജു ക്യാപ്ഷനൊന്നും ചേര്‍ത്തിട്ടില്ല. 

സയ്യിദ് മുഷ്താഖ് അലിയില്‍ കേരളത്തെ പ്രീ ക്വാര്‍ട്ടറിലേക്ക് നയിച്ച മിന്നുംപ്രകടനത്തിന്റെ അതേദിവസം തന്നെയാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്നത്.  മധ്യപ്രദേശിനെതിരേ അര്‍ധ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച സഞ്ജു ടൂര്‍ണമെന്റില്‍ ആകെ അഞ്ച് മത്സരത്തില്‍ നിന്ന് നേടിയത് 175 റണ്‍സാണ്. മധ്യപ്രദേശിനെതിരേ പുറത്താകാതെ നേടിയ 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇത്രയും മികവ് കാണിച്ചിട്ടും സഞ്ജു അവഗണിക്കപ്പെട്ടപ്പോള്‍ കേരളം തോല്‍പ്പിച്ച മധ്യപ്രദേശിന്റെ വെങ്കടേഷ് അയ്യരും ആവേശ് ഖാനും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെന്നത് വിചിത്രമാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മലയാളി താരത്തിന്റെ ട്വീറ്റ്. 

ടീമിലുള്‍പ്പെടുത്താത്തതിന് കാരണം താരത്തിന്റെ ഫിറ്റ്‌നെസ് ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനുള്ള മറുപടി കൂടിയാണ് സഞ്ജുവിന്റെ ഈ ട്വീറ്റെന്നും ആരാധകര്‍ വിലയിരുത്തുന്നു. ജസ്റ്റിസ് ഫോര്‍ സഞ്ജു സാംസണ്‍ എന്ന ഹാഷ്ടാഗില്‍ ആരാധകരും നിരവധി ട്വീറ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. 

ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രാഹുല്‍ ദ്രാവിഡ് പരിശീലകനായി എത്തിയതോടെ സഞ്ജുവിന് അവസരം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍. ഐപിഎല്ലിലേയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലേയും മികച്ച പ്രകടനമായിരുന്നു ഇതിന് ആധാരം. എന്നാല്‍ സെലക്ടര്‍മാര്‍ മലയാളി താരത്തെ പരിഗണിച്ചില്ല. 

Content Highlights: IND vs NZ Sanju Samson shares cryptic post after being snubbed for New Zealand T20I series