കാണ്‍പുര്‍: ഒരു താരം ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറുമ്പോള്‍ അദ്ദേഹത്തിന് ക്യാപ് സമ്മാനിക്കുന്നത് ഏതെങ്കിലും ഒരു സീനിയര്‍ താരമാകും. ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് പണ്ടേയുള്ള ഒരു കീഴ്​വഴക്കമാണത്‌. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇത്‌ ആരും പാലിക്കാറില്ല. ക്യാപ്റ്റനോ കോച്ചോ ആണ്‌ ക്യാപ് നല്‍കാറുള്ളത്.

എന്നാല്‍ ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റ ശേഷം ദ്രാവിഡ് ആ കീഴ്​വഴക്കം തിരിച്ചുകൊണ്ടുവന്നു. ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറിയ ശ്രേയസ് അയ്യര്‍ക്ക് ക്യാപ് നല്‍കാന്‍ എത്തിയത് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറാണ്. നേരത്തെ ട്വന്റി-20യില്‍ ഹര്‍ഷല്‍ പട്ടേല്‍ അരങ്ങേറിയപ്പോള്‍ ക്യാപ് സമ്മാനിച്ചത് മുന്‍ ബൗളര്‍ അജിത് അഗാര്‍ക്കറാണ്. 

ജീവിതത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന നിമിഷം ഒരു സീനിയര്‍ താരത്തിന്റെ അനുഗ്രഹത്തോടെ തുടക്കം കുറിക്കുക എന്നതാണ് ഈ കീഴ്​വഴക്കത്തിന് പിന്നിലുള്ളത്. ഓസ്‌ട്രേലിയയുടെ ഡ്രസ്സിങ് റൂമിലും ഈ ആചാരമുണ്ട്. മുന്‍ താരങ്ങളായ മാര്‍ക്ക് വോ, ഷെയ്ന്‍ വോണ്‍, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ് തുടങ്ങിയവരാണ് അരങ്ങേറ്റ താരങ്ങള്‍ക്ക് ക്യാപ് സമ്മാനിക്കാറുള്ളത്. 

Content Highlights: IND vs NZ Rahul Dravid Revives Long forgotten Tradition After Taking Over As India Coach