ട്രെന്റ്ബ്രിഡ്ജ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റ് സമനിലയില്‍. മഴ മൂലം അഞ്ചാം ദിവസത്തെ മത്സരം ഉപേക്ഷിച്ചു. 209 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റിന് 52 റണ്‍സ് എന്ന നിലയില്‍ എത്തിയപ്പോഴാണ് മഴ വില്ലനായത്. 

26 റണ്‍സെടുത്ത കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കളി അവസാനിപ്പിക്കുമ്പോള്‍ ക്രീസില്‍ രോഹിത് ശര്‍മയും ചേതേശ്വര്‍ പൂജാരയുമായിരുന്നു. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 12 മുതല്‍ ലോര്‍ഡ്‌സില്‍ നടക്കും. ആകെ അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. 

നേരത്തെ രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് 303 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിനെ കര കയറ്റിയത്. നേരത്തെ ആദ്യ ഇന്നിങ്സില്‍ റൂട്ട് അര്‍ധ സെഞ്ചുറി നേടിയിരുന്നു. ജോണി ബെയര്‍സ്റ്റോ 30ഉം സാം കറന്‍ 32ഉം റണ്‍സ് കണ്ടെത്തി. 

ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തു. ഇതോടെ രണ്ടിന്നിങ്സിലുമായി ബുംറയുടെ പേരില്‍ ഒമ്പത് വിക്കറ്റായി. മുഹമ്മദ് സിറാജും ശര്‍ദ്ദുല്‍ താക്കൂറും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് മുഹമ്മദ് ഷമിക്കാണ്. 

നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്‌കോറായ 183 റണ്‍സിനെതിരേ ഇന്ത്യ 278 റണ്‍സ് അടിച്ചിരുന്നു. കെഎല്‍ രാഹുലിന്റേയും രവീന്ദ്ര ജഡേജയുടേയും ചെറുത്തുനില്‍പ്പാണ് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. രാഹുല്‍ 214 പന്തില്‍ 12 ഫോറിന്റെ സഹായത്തോടെ 84 റണ്‍സെടുത്തപ്പോള്‍ ജഡേജ 86 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി പേസ് ബൗളര്‍ ഒലി റോബിന്‍സണ്‍ 26.5 ഓവറില്‍ 85 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. റോബിന്‍സണ്‍ന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്.

Content Highlights:  IND vs ENG first Test draw as rain spoils play