photo: twitter/icc
നോട്ടിങ്ങാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20 യില്‍ ഇന്ത്യയ്ക്ക് തോല്‍വി. 17 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം ഇംഗ്ലണ്ട് ഉയര്‍ത്തിയ 216 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ കഴിഞ്ഞുളളൂ.. സൂര്യകുമാര്‍ യാദവിന്റെ സെഞ്ചുറി പ്രകടനത്തിനും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. പരമ്പരയിലെ അവസാന മത്സരമായിരുന്നു നോട്ടിങ്ങാമിലേത്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു.
216 എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ റിഷഭ് പന്തിനെ നഷ്ടമായി. ഒരു റണ്‍ മാത്രമാണ് പന്ത് നേടിയത്. പിന്നാലെയിറങ്ങിയ കോലിയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. പതിനൊന്ന് റണ്‍സെടുത്ത കോലിയെ ഡേവിഡ് വില്ലിയാണ് പുറത്താക്കിയത്. രോഹിത്തും വേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ 31 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
പിന്നീട് സൂര്യകുമാര്‍ യാദവും ശ്രേയസ്സ് അയ്യരും രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. പതിയെ പതിയെ റണ്‍സ് കണ്ടെത്തി ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. 28 റണ്‍സെടുത്ത ശ്രേയസ്സ് കുമാര്‍ ടീം സ്കോര്‍ 150-ല്‍ നില്‍ക്കുമ്പോഴാണ് പുറത്തായത്. തകര്‍ച്ചയിലായിരുന്ന ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്കിയ സൂര്യകുമാര്‍ യാദവ് സെഞ്ചുറി പ്രകടനം കൊണ്ട് മികച്ചു നിന്നു. 55 പന്തില്‍ 117 റണ്‍സെടുത്താണ് സൂര്യകുമാര്‍ പുറത്തായത്. 14 ബൗണ്ടറികളും ആറ് സ്ക്സറുകളുമടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്സ്.
പിന്നീടിറങ്ങിയവര്‍ക്ക് ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. ദിനേശ് കാര്‍ത്തിക്കും രവീന്ദ്ര ജഡേജയും നിരാശപ്പെടുത്തി. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനേ ഇന്ത്യയ്ക്ക് കഴിഞ്ഞുളളൂ. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത റീസെ ടോപ്ലിയാണ് ഇംഗ്ലണ്ട് ബോളിംഗ് നിരയില്‍ തിളങ്ങിയത്.
ടോസ് നേടി ആദ്യം ബാറ്റ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ജേസണ്‍ റോയ് 27 റണ്‍സും ജോസ് ബട്ട്ലര്‍ 18 റണ്‍സുമാണ് നേടിയത്. ജോസ് ബട്ട്ലറെ ആവേശ്ഖാനാണ് പുറത്താക്കിയത്. ശേഷം ക്രീസിലിറങ്ങിയ ഡേവിഡ് മലാന് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 39 പന്തില്‍ നിന്ന് 77 റണ്‍സാണ് താരം നേടിയത്. ആറ് ബൗണ്ടറികളും അഞ്ച് സിക്സറുകളുമടങ്ങുന്നതായിരുന്നു മലന്റെ ഇന്നിംഗ്സ്.
ഫില്‍ സാള്‍ട്ട് വേഗം പുറത്തായതോടെ ക്രീസിലെത്തിയ ലിവിങ്സ്റ്റണ് ടീം സ്കോറിങ്ങിന് വേഗത കൂട്ടി. അവസാന ഓവറുകളില്‍ ഹാരി ബ്രൂക്കും ക്രിസ് ജോര്‍ഡനും തകര്‍ത്തടിച്ചതോടെ 20 ഓവറില്‍ ഇംഗ്ലണ്ട് സ്കോര്‍ 215 ലെത്തി. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഷല്‍ പട്ടേലും രവി ബിഷ്ണോയും രണ്ട് വിക്കറ്റ് വീതം നേടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..