Photo: twitter.com/ICC
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം വലിയൊരു തിരിച്ചുവരവിന്റെ പാതയിലാണ്. തോല്‍വിയില്‍ നിന്ന് തോല്‍വിയിലേക്ക് വീണുകൊണ്ടിരുന്ന ശ്രീലങ്ക വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ പ്രകടമാക്കിത്തുടങ്ങി. അതിനേറ്റവും വലിയ ഉദാഹരണമാണ് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര വിജയം.
ശ്രീലങ്ക ആതിഥേയത്വം വഹിച്ച അഞ്ചുമത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയ 3-2 ന് പരാജയപ്പെട്ടു. യുവനിരയുമായി കളിച്ച ശ്രീലങ്കയുടെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ ഓസ്ട്രേലിയ കളി മറന്നു. ആദ്യമത്സരത്തില്‍ ഓസ്ട്രേലിയ വിജയിച്ചെങ്കിലും പിന്നീടുള്ള മൂന്ന് മത്സരങ്ങളില്‍ സന്ദര്‍ശകരെ മലര്‍ത്തിയടിച്ച് ശ്രീലങ്ക പരമ്പര നേടി. അവസാന മത്സരത്തില്‍ ഓസീസ് ആശ്വാസ വിജയം നേടി.
അഞ്ചാം ഏകദിനത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ശ്രീലങ്കന്‍ ആരാധകര്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടിയാണ് കൈയ്യടിച്ചത്. ഗാലറിയൊന്നടങ്കം ഓസ്ട്രേലിയ... ഓസ്ട്രേലിയ എന്നുറക്കെ വിളിച്ച് ആനന്ദം പങ്കിട്ടു. ഇതിനുള്ള കാരണം മറ്റൊന്നുമല്ല. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ശ്രീലങ്കയില്‍ വന്ന് കളിക്കാന്‍ സമ്മതം മൂളിയ ഓസ്ട്രേലിയന്‍ ടീമിനുള്ള നന്ദിയറിയിക്കാനാണ് ആരാധകര്‍ ജയ് വിളിച്ചത്. ഓസീസ് താരങ്ങള്‍ കയ്യടിയോടെ ഇത് സ്വീകരിക്കുകയും ചെയ്തു. ഈ വീഡിയോ ക്രിക്കറ്റ് ആരാധകര്‍ നെഞ്ചേറ്റി.
അഞ്ചാം ഏകദിനത്തില്‍ ഓസ്ട്രേലിയ നാല് വിക്കറ്റിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ വെറും 160 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 39.3 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസിനെ പരമ്പരയുടെ താരമായി തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..