Photo: Reuters
ക്രിക്കറ്റ് ലോകത്ത് മിസ്റ്റര്‍ 360 ആരാണെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. അത് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരം എ.ബി.ഡിവില്ലിയേഴ്‌സാണ്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തും ഷോട്ടുകള്‍ കളിക്കാനുള്ള അസാമാന്യമായ പാടവമാണ് ഡിവില്ലിയേഴ്‌സിനെ മറ്റ് കളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ സൂര്യകുമാര്‍ യാദവ് അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച പേരും 360 എന്നായിരുന്നു. ഇന്ത്യയുടെ മിസ്റ്റര്‍ 360.
ട്വന്റി 20യില്‍ അരങ്ങേറിയ കാലം തൊട്ട് സൂര്യകുമാറിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സെഞ്ചുറിയും അര്‍ധസെഞ്ചുറിയുമെല്ലാം കുറിച്ച് താരം കുട്ടിക്രിക്കറ്റില്‍ അത്ഭുതസമവാക്യങ്ങള്‍ കുറിച്ചു. സൂര്യകുമാറിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിങ് കണ്ട് ആരാധകര്‍ അദ്ദേഹത്തെ സാക്ഷാല്‍ ഡിവില്ലിയേഴ്‌സിനോട് താരതമ്യപ്പെടുത്തി. സൂര്യകുമാറിനോളം മികച്ച ഒരു ട്വന്റി 20 ബാറ്റര്‍ സമീപകാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ടായിട്ടില്ല. ട്വന്റി 20യിലെ മികച്ച ഫോമിന്റെ ബലത്തില്‍ സൂര്യകുമാര്‍ വൈകാതെ ടെസ്റ്റ്, ഏകദിന ടീമുകളിലും ഇടം നേടി.
ആദ്യം ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യമെടുക്കാം. ടെസ്റ്റ് ക്രിക്കറ്റില്‍ സൂര്യകുമാറിന് ഒരേയൊരു അവസരമേ ലഭിച്ചിട്ടുള്ളൂ അതും ഓസ്‌ട്രേലിയയ്‌ക്കെതിരേ ഈയിടെ സമാപിച്ച നാഗ്പുര്‍ ടെസ്റ്റില്‍. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റുചെയ്യാന്‍ അവസരം ലഭിച്ച സൂര്യകുമാറിന് പക്ഷേ പിഴച്ചു. വെറും എട്ടുറണ്‍സെടുത്ത് താരം മടങ്ങി. ഒരു ഇന്നിങ്‌സ് കളിച്ച് പരാജയപ്പെട്ടുവെന്നുകരുതി സൂര്യകുമാറിന്റെ കരുത്തിനെ എഴുതിത്തള്ളാനാവില്ല. അവഗണനകള്‍ ഒരുപാട് സഹിച്ചാണ് അദ്ദേഹം ലോക ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്ററായി മാറിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ സൂര്യകുമാര്‍ ഇനിയും തിളങ്ങുമെന്ന് പ്രതീക്ഷിക്കാം. അവസരങ്ങള്‍ ഇനിയും ഒരുപാടുണ്ട്.
പക്ഷേ ഏകദിനത്തിലെ സ്ഥിതി അതല്ല. ട്വന്റി 20യേക്കാള്‍ അല്‍പ്പം കൂടി ശ്രദ്ധ വേണ്ട ഫോര്‍മാറ്റാണ് ഏകദിനം. 50 ഓവര്‍ നിന്ന് ടീമിനെ വിജയത്തിലെത്തിക്കുക എന്നത് ചില്ലറ കാര്യമല്ല. ട്വന്റി 20യില്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ച സൂര്യകുമാറിന് ഏകദിനത്തില്‍ നിരവധി അവസരങ്ങളാണ് ബി.സി.സി.ഐ നല്‍കിയത്. എന്നാല്‍ ഇതുവരെ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഏകദിനത്തില്‍ സൂര്യകുമാറിന്റെ ദയനീയ പ്രകടനം ഇന്നലെ സമാപിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലൂടെ തെളിഞ്ഞു.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ എല്ലാ കളിയിലും താരം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ആദ്യ രണ്ട് കളികളിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തുകളില്‍ സൂര്യകുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്നാം മത്സരത്തിലാകട്ടെ ആഷ്ടണ്‍ ആഗറിന്റെ പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡായി. ഒപ്പം നാണക്കേടിന്റെ റെക്കോഡും പേറേണ്ടിവന്നു. ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ ഗോള്‍ഡന്‍ ഡക്കാകുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് ഇപ്പോള്‍ സൂര്യകുമാറിന്റെ ചുമലിലാണ്. ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്താവുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്ററുമാണ് സൂര്യകുമാര്‍. സൂര്യകുമാറിന്റെ ദയനീയ പ്രകടനത്തില്‍ അരിശംപൂണ്ട ആരാധകര്‍ താരത്തിനെതിരേ ട്രോളുകളുടെ പൂരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഡിവില്ലിയേഴ്‌സുമായി സൂര്യകുമാറിനെ ഇനിയാരും താരതമ്യപ്പെടുത്തരുത് എന്നുവരെ ആരാധകര്‍ പറഞ്ഞു.
ഏകദിനത്തില്‍ അത്ര മികച്ച റെക്കോഡല്ല സൂര്യകുമാറിനുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി 23 ഏകദിനങ്ങള്‍ കളിച്ച സൂര്യകുമാര്‍ വെറും 433 റണ്‍സ് മാത്രമാണ് നേടിയത്. 24.05 ആണ് ശരാശരി. ഉയര്‍ന്ന സ്‌കോര്‍ ആകട്ടെ വെറും 64. രണ്ട് തവണ മാത്രമാണ് താരത്തിന് അര്‍ധസെഞ്ചുറി നേടാനായത്. ട്വന്റി 20 യില്‍ ഇതേ സൂര്യകുമാറിന് 46.52 ശരാശരിയുണ്ടെന്ന കാര്യം മറക്കരുത്. മൂന്ന് സെഞ്ചുറിയാണ് താരം കുട്ടിക്രിക്കറ്റില്‍ അടിച്ചെടുത്തത്. ട്വന്റി 20യില്‍ മുടിചൂടാമന്നനായി നില്‍ക്കുന്ന സൂര്യകുമാറിന് എന്തുകൊണ്ടാണ് ദീര്‍ഘ ഫോര്‍മാറ്റുകളില്‍ പ്രതിഭ തെളിയിക്കാന്‍ കഴിയാതെ വരുന്നത് എന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്.
ഐ.പി.എല്‍ ഉള്‍പ്പെടെ ചെറിയ ഫോര്‍മാറ്റില്‍ ധാരാളമായി കളിച്ച സൂര്യകുമാര്‍ ഒരു പക്കാ ട്വന്റി 20 ബാറ്ററായി മാറിക്കഴിഞ്ഞു. ഏകദിനത്തിലും ടെസ്റ്റിലും ക്ഷമയോടെ ബാറ്റേന്താന്‍ അദ്ദേഹത്തിന് ഒരു പരിധിവരെ സാധിക്കുന്നില്ല. ഒന്നോ രണ്ടോ പ്രകടനങ്ങളൊഴിച്ചാല്‍ സൂര്യകുമാറിന്റെ ഇതുവരെയുള്ള സ്‌കോറുകള്‍ ശരാശരിയ്ക്ക് താഴെയാണ്. അവസരങ്ങള്‍ നല്‍കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. പക്ഷേ നൂറുകണക്കിന് താരങ്ങള്‍ പുറത്ത് അവസരത്തിനായി കാത്തിരിക്കുമ്പോള്‍ സൂര്യകുമാറിന് മാത്രമായി ഇനിയും അവസരങ്ങള്‍ നല്‍കേണ്ടതുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. സൂര്യകുമാര്‍ പ്രതിഭയുള്ള താരമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കേ മികച്ച താരങ്ങളെ ടീമിലുള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ഇന്ത്യയ്ക്ക് ടൂര്‍ണമെന്റില്‍ നന്നായി വിയര്‍ക്കേണ്ടിവരും.
വരുമോ സഞ്ജു?
സൂര്യകുമാര്‍ ഏതുഫോര്‍മാറ്റിലും കളിക്കാന്‍ കെല്‍പ്പുള്ള പ്രതിഭയുള്ള കളിക്കാരനാണെങ്കിലും ഏകദിനത്തില്‍ അദ്ദേഹത്തേക്കാള്‍ നന്നായി ബാറ്റ് വീശാനറിയുന്ന പ്രതിഭയുള്ള മറ്റ് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ കയറാന്‍ ക്യൂ നില്‍ക്കുകയാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍. ഏകദിനത്തില്‍ സൂര്യകുമാറിനേക്കാള്‍ ഏത്രയോ മുകളില്‍ നില്‍ക്കുന്ന പ്രകടനം സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്. ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 10 ഇന്നിങ്‌സുകളില്‍ ബാറ്റുചെയ്ത സഞ്ജു 330 റണ്‍സാണ് അടിച്ചെടുത്തത്. പുറത്താവാതെ നേടിയ 86 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 66 ആണ് സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. രണ്ട് തവണ താരം അര്‍ധശതകവും കുറിച്ചു. കളിച്ച മത്സരങ്ങളിലെല്ലാം നാലാമനായോ അഞ്ചാമനോ ആയിട്ടാണ് സഞ്ജു ഇറങ്ങിയത്. എന്നിട്ടും ഇത്രയും മികച്ച പ്രകടനം നടത്തിയ താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
സൂര്യകുമാറിന്റെ ഫോമില്ലായ്മയും ശ്രേയസ് അയ്യരുടെ പരിക്കും സഞ്ജുവിന് ലോകകപ്പ് ടീമിലേക്കുള്ള വാതില്‍ തുറക്കുന്നതിനുള്ള കാരണങ്ങളാണ്. ഇരുവരുമില്ലാത്ത പക്ഷം സ്വാഭാവികമായും സഞ്ജുവിനാണ് അവസരം ലഭിക്കേണ്ടത്. എന്നാല്‍ ബി.സി.സി.ഐ ആ വാതില്‍ കൊട്ടിയടയ്ക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്കുമൂലം ശ്രേയസ് പുറത്തായപ്പോള്‍ പകരം കളിക്കാരനെ ടീമിലെടുക്കാതിരുന്നത് സഞ്ജുവിനോട് ചെയ്ത അനീതിയാണ്. ശ്രേയസ്സിന് പകരക്കാരനെ എടുത്തിരുന്നെങ്കില്‍ തീര്‍ച്ചയായും സഞ്ജു ടീമിലെത്തിയേനേ.
സൂര്യകുമാര്‍ ഫോം കണ്ടെത്താത്തതിനാല്‍ സഞ്ജുവിനെ ടീമിലെടുക്കണമെന്ന ആരാധകരുടെ ആവശ്യം ശക്തമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിര ബാറ്റര്‍മാര്‍ക്ക് താളം കണ്ടെത്താനായില്ല. അര്‍ധസെഞ്ചുറി നേടിയ വിരാട് കോലി മാത്രമാണ് പിടിച്ചുനിന്നത്. മധ്യനിരയില്‍ നങ്കൂരമിട്ട് കളിക്കാനാവുന്ന ഒരു താരമുണ്ടായിരുന്നുവെങ്കില്‍ കളി ഇന്ത്യ ജയിച്ചേനേ. ഇപ്പോഴും കോലിയെയും രോഹിതിനെയുമെല്ലാം ആശ്രയിച്ചാണ് ഇന്ത്യ ഏകദിനം കളിക്കുന്നത് എന്നത് ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്ങിലെ പോരായ്മകളെ ചൂണ്ടിക്കാണിക്കുന്നു. ഹാര്‍ദിക്ക് ഓള്‍റൗണ്ട് മികവുമായി പലപ്പോഴും രക്ഷകനാകുന്നുണ്ടെങ്കിലും മധ്യനിരയില്‍ യുവരാജ് സിങ്ങിനെപ്പോലെ കളിക്കാന്‍ കഴിയുന്ന ഒരു താരത്തിന്റെ അഭാവം ഇന്നും ഇന്ത്യന്‍ ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
സൂര്യകുമാറിന് പകരം സഞ്ജുവിനെപ്പോലെയുള്ള പ്രതിഭാധനരായ കളിക്കാര്‍ക്ക് അവസരം കൊടുക്കണമെന്ന ആരാധകരുടെ ആവശ്യം ഇത്തരമൊരു സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. സ്ഥിരതയില്ലാത്ത ഈ ബാറ്റിങ് ലൈനപ്പുമായി ഏകദിന ലോകകപ്പ് കളിക്കാനിറങ്ങിയാല്‍ ഇന്ത്യ നന്നായി വിയര്‍ക്കേണ്ടിവരും. സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ നന്നായി തിളങ്ങാനായില്ലെങ്കില്‍ അതില്‍പ്പരം നാണക്കേട് ഇനി വരാനില്ല. സൂര്യകുമാറിന് ഇനിയും അവസരം കൊടുക്കുമോ അതോ സഞ്ജുവിനെപ്പോലെയുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുമോ? എന്തായാലും ഇനി അധികം സമയമില്ല. ലോകകപ്പ് അടുക്കാറായി. പരിക്കേറ്റ ശ്രേയസ് ഇല്ലാത്തതിനാല്‍ നാലാമനായി ഇനിയാര്? സൂര്യകുമാറോ അതോ സഞ്ജുവോ? കാത്തിരുന്ന് കാണാം.
Content Highlights: inconsistency of suryakumar yadav in ODI ahead of cricket world cup 2023
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..