ന്യൂഡല്‍ഹി: ക്രീസില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടും ഒരു കാലത്തും ഇന്ത്യന്‍ ക്രിക്കറ്റില്‍ ആഘോഷിക്കപ്പെടാത്ത പേരാണ് ഗൗതം ഗംഭീറിന്റേത്. കളത്തിനകത്തായാലും പുറത്തായാലും തന്റെ നിലപാടുകള്‍ ആര്‍ക്കുമുന്നിലും തുറന്നു പറയാന്‍ മടികാണിക്കാത്തയാള്‍. ആ നെഞ്ചുറപ്പ് വിരമിക്കല്‍ പ്രഖ്യാപനത്തിലും ഗംഭീര്‍ കൈവിട്ടില്ല.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലുമായി 242 മത്സരങ്ങളില്‍ നിന്ന് 38.95 റണ്‍സ് ശരാശരിയില്‍ ഇന്ത്യയ്ക്കായി 10324 റണ്‍സ് നേടിയ താരമാണ് ഗംഭീര്‍. 20 സെഞ്ചുറികളും 63 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. ഗംഭീറിന്റെ പകരം വെയ്ക്കാനില്ലാത്ത ഇന്നിങ്‌സുകള്‍ പലപ്പോഴും വിസ്മരിക്കപ്പെടുന്നത് നമ്മള്‍ പലതവണ കണ്ടിട്ടുണ്ട്. ഇന്ത്യയുടെ 2011-ലെ ലോകകപ്പ് വിജയം തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. 

ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ സച്ചിനെയും സെവാഗിനെയും തുടക്കത്തിലേ നഷ്ടമായി ഉഴറിയ ഇന്ത്യയെ താങ്ങിനിര്‍ത്തിയത് ഗംഭീര്‍ കളിച്ച ഇന്നിങ്‌സാണ്. സത്യത്തില്‍ ഗംഭീര്‍ പാകിയ അടിത്തറയില്‍ നിന്നാണ് ധോനി ടീമിനെ മുന്നോട്ടു നയിച്ചത്. എന്നാല്‍ ധോനിയുടെ ഇന്നിങ്‌സിന്റെ പകിട്ടില്‍ അര്‍ഹിച്ച സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ പുറത്തായ ഗംഭീറിനെ എല്ലാവരും മറന്നു.

ഇതുമാത്രമല്ല 2007-ലെ പ്രഥമ ട്വന്റി 20 ഫൈനലിലെ വിജയത്തിനും ഇന്ത്യ ഗംഭീറിനോട് കടപ്പെട്ടിരിക്കണം. പാകിസ്താനെതിരേ ഗംഭീര്‍ നേടിയ 75 റണ്‍സാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് ഫൈനലുകളിലും കൂടുതല്‍ റണ്‍സ് നേടിയ താരവും മറ്റാരുമല്ല.

കണക്കുകള്‍ നോക്കിയാല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ഓപ്പണര്‍ ഗംഭീറാണ്. 57 ടെസ്റ്റുകളില്‍ ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഗംഭീര്‍ 42.90 റണ്‍സ് ശരാശരിയില്‍ 4119 റണ്‍സ് നേടിയിട്ടുണ്ട്. സുനില്‍ ഗാവസ്‌ക്കറും, വീരേന്ദര്‍ സേവാഗും മാത്രമാണ് ഇക്കാര്യത്തില്‍ ഗംഭീറിനു മുന്നിലുള്ളത്. 

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുട്ടിടിക്കുന്ന വിദേശത്തെ പിച്ചുകളില്‍ ഗംഭീറിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. വിദേശത്തു കളിച്ച 24 ടെസ്റ്റുകളില്‍ ഗംഭീറിന്റെ ബാറ്റിങ് ശരാശരി 43.61 ആണ്. ന്യൂസിലന്‍ഡിലെയും ദക്ഷിണാഫ്രിക്കയിലെയും പിച്ചുകളിലെ അദ്ദേഹത്തിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ന്യൂസിലന്‍ഡില്‍ കളിച്ച മൂന്നു ടെസ്റ്റുകളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 89 ആണ്. ദക്ഷിണാഫ്രിക്കയില്‍ കളിച്ച രണ്ടു ടെസ്റ്റുകളില്‍ 60.50 റണ്‍സും. ന്യൂസിലന്‍ഡിനെതിരേ മാത്രം ഒന്‍പതു ടെസ്റ്റുകളില്‍ നിന്ന് 53.50 റണ്‍സ് ശരാശരിയില്‍ ഗംഭീര്‍ 749 റണ്‍സ് നേടിയിട്ടുണ്ട്. 

2008-2009 കാലയളവായിരുന്നു ഗംഭീറിന്റെ കരിയറിലെ സുവര്‍ണകാലം. 2008-ല്‍ കളിച്ച എട്ടു ടെസ്റ്റുകളില്‍ 70.87 റണ്‍സ് ശരാശരിയിലാണ് അദ്ദേഹം റണ്‍സ് സ്‌കോര്‍ ചെയ്തത്. 2009-ല്‍ കളിച്ച അഞ്ചു ടെസ്റ്റുകളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 90.87 ആയിരുന്നു. 

2008 ജൂലൈ മുതല്‍ 2010 ജനുവരി വരെയുള്ള കാലയളവില്‍ ലോകക്രിക്കറ്റില്‍ തന്നെ കൂടുതല്‍ റണ്‍സ് നേടിയ താരവും ഗംഭീറായിരുന്നു. ഇക്കാലയളവില്‍ കളിച്ച 15 ടെസ്റ്റുകളില്‍ നിന്ന് 76.59 റണ്‍സ് ശരാശരിയില്‍ 2068 റണ്‍സാണ് ഗംഭീര്‍ അടിച്ചുകൂട്ടിയത്. ടെസ്റ്റ് കരിയറില്‍ ഗംഭീര്‍ നേടിയ ഒമ്പത് സെഞ്ചുറികളിലെ എട്ടെണ്ണവും പിറന്നത് ഇക്കാലത്താണ്. 2009-ല്‍ ന്യൂസിലന്‍ഡ് പര്യടനത്തില്‍ നേപ്പിയര്‍ ടെസ്റ്റില്‍ പൊരുതി നേടിയ 137 റണ്‍സിന്റെ ഇന്നിങ്‌സ് എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒന്നാണ്. ഗംഭീറിന്റെ ഇന്നിങ്‌സിന്റെ മികവിലാണ് അന്ന് ആ ടെസ്റ്റ് ഇന്ത്യ സമനിലയിലെത്തിച്ചത്. 

ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ (3891) നേരിട്ട താരവും ക്രീസില്‍ സമയം ചെലവഴിച്ച താരവും (5557 മിനിറ്റ്) ഗംഭീറായിരുന്നു. കരിയറിലെ ഏക ഇരട്ടസെഞ്ചുറി (206) ഓസീസിനെതിരേ അദ്ദേഹം നേടുന്നതും ഈ സമയത്താണ്. ഡല്‍ഹിയില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ 2008 ഒക്ടോബറിലായിരുന്നു ഈ പ്രകടനം.

2009-ല്‍ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്താനും ഗംഭീറിനായി. ആ വര്‍ഷം ഐ.സി.സി മികച്ച ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തതും ഗംഭീറിനെയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റില്‍ തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളില്‍ സെഞ്ചുറി നേടിയ നാലു താരങ്ങളില്‍ ഒരാളും ഗംഭീറാണ്. ഡോണ്‍ ബ്രാഡ്മാന്‍, ജാക്വസ് കാലിസ്, മുഹമ്മദ് യൂസഫ് എന്നിവര്‍ക്കു മാത്രമാണ് ഈ നേട്ടം സ്വന്തമായുളളത്.

Content Highlights: in numbers gautam gambhir among the best indian test openers