പെര്‍ത്ത്: മത്സരത്തിനിടെ താരങ്ങള്‍ക്ക് പല തരത്തിലും അബദ്ധം സംഭവിക്കാറുണ്ട്. ഈ അബദ്ധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാന്‍ നിമിഷങ്ങള്‍ മതി. ഇത്തരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറിന് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നോ ബോളില്‍ വിക്കറ്റ് ആഘോഷിച്ചാണ് താഹിറിന് അബദ്ധം സംഭവിച്ചത്. 

ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുടെ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനും തമ്മില്‍ നടന്ന സന്നാഹ മത്സരത്തിനിടെയായിരുന്നു സംഭവം. റബാദയെറിഞ്ഞ ആറാമത്തെ ഓവറില്‍ ഓസീസ് താരം ജോഷ് ഫിലിപ്പെ അടിച്ച പന്ത് ഡീപ് ഫൈന്‍ ലെഗ്ഗില്‍ നിന്ന് ഇമ്രാന്‍ താഹിര്‍ ക്യാച്ചെടുക്കുകയായിരുന്നു. ആരാധകര്‍ക്ക് നേരെ തിരിഞ്ഞ് തന്റെ ജഴ്‌സിയുടെ പിന്നിലുള്ള പേരിലേക്ക് വിരല്‍ ചൂണ്ടി താഹിര്‍ ഈ വിക്കറ്റ് നേട്ടം ആഘോഷിച്ചു. 

എന്നാല്‍ അതിനിടയില്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചിട്ടുണ്ടായിരുന്നു. ആഘോഷത്തിനിടയില്‍ താഹിര്‍ അതു കണ്ടില്ല. ഈ അവസരം മുതലെടുത്ത് ഓസീസ് താരങ്ങള്‍ ഡബിളെടുക്കുകയും ചെയ്തു.

'അയാള്‍ അവിടെ എന്തു ചെയ്യുകയാണ്? നോ ബോള്‍ വിളിച്ചത് കണ്ടില്ലേ' താഹിറിന്റെ വിക്കറ്റ് ആഘോഷം കണ്ട കമന്റേറ്റര്‍മാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഏതായാലും മത്സരത്തില്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് വിജയിച്ചു. ദക്ഷിണാഫ്രിക്കയുടെ ഓസീസ് പര്യടനം ഞായറാഴ്ചയാണ് ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. 

 Content Highlights: Imran Tahir celebrates fall of wicket on a no-ball