കറാച്ചി: മിയൻദാദിനെ പാകിസ്താൻ ക്രിക്കറ്റ് ടീമിൽ നിന്നും പുറത്താക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് സഹതാരവും പാകിസ്താന്റ നിലവിലെ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനാണെന്ന് മുൻതാരം ബാസിത് അലി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇമ്രാൻഖാനെതിരെ പുതിയ വെളിപ്പെടുത്തലുമായി ബാസിത് അലി രംഗത്തെത്തിയത്.

കൃത്യമായ തിരക്കഥ അനുസരിച്ചുള്ള ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് മിയൻദാദിനെ ടീമിൽ നിന്നും പടിയിറക്കിവിട്ടത്. അതിന് വേണ്ടി എന്നെപോലും കരുവാക്കി. 1992 ൽ പാകിസ്താൻ ലോകകപ്പിൽ ചാമ്പ്യൻമാരാകുമ്പോൾ ഇമ്രാനാണ് ടീമിനെ നയിച്ചത്. തൊട്ടടുത്ത വർഷം മിയാൻദാദിന് ദേശീയ ടീമിൽ നിന്നും പടിയിറണ്ടേണ്ടി വന്നു. 'അന്ന് വസീം അക്രമായിരുന്നു ക്യാപ്റ്റൻ. ടീമിൽ അഴിച്ചുപണി നടന്നപ്പോൾ മിയാൻദാദിന് പകരം എന്നെ ടീമിലെടുത്തു.ഇതോടെ മിയാൻദാദ് ഏകദിന ടീമിൽ നിന്ന് തഴയപ്പെട്ടു.' ബാസിത് അലി പറയുന്നു

1996ലെ ലോകകപ്പ് കളിക്കാൻ താരങ്ങളോട് മിയാൻദാദ് കെഞ്ചിയതായും ബാസിത് വെളിപ്പെടുത്തി. അന്ന് മിയാൻദാദിനായി താനാണ് വഴിമാറികൊടുത്തതെന്നും ബാസിത് പറയുന്നു. ഇതോടെ ആറു ലോകകപ്പുകളിൽ കളിച്ച താരമായി മിയാൻദാദ് റെക്കോഡിട്ടു. 19 ടെസ്റ്റ് മത്സരങ്ങളിലും 50 ഏകദിനങ്ങളിലും പാക് ടീമിനെ പ്രതിനിധീകരിച്ച താരമാണ് ബാസിത് അലി.

content highlights: Imran Khan was behind Javed Miandads ouster from Pakistan Team