ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ 358 റണ്‍സെടുത്തിട്ടും പാകിസ്താന്‍ ആറു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം 31 പന്ത് ബാക്കിനില്‍ക്കെ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
ഓപ്പണര്‍ ഇമാമുള്‍ ഹഖിന്റെ വെടിക്കെട്ട് സെഞ്ചുറി മികവിലാണ് പാകിസ്താന്‍ 358 റണ്‍സെടുത്തത്. 131 പന്തില്‍ 16 ഫോറും ഒരു സിക്സും സഹിതം 151 റണ്‍സാണ് ഇമാമുള്‍ ഹഖ് അടിച്ചടുത്തത്. ഇതിനിടെ ഇന്ത്യന്‍ ലോകകപ്പ് നേടിത്തന്ന കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡും ഇമാമുള്‍ പഴങ്കഥയാക്കി.
ഏകദിന ക്രിക്കറ്റില്‍ 150 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് കപില്‍ദേവിനെ മറികടന്ന് ഇമാമുള്‍ സ്വന്തമാക്കിയത്.
1983 ലോകകപ്പില്‍ 24 വയസുള്ളപ്പോഴാണ് സിംബാബ്‌വെയ്‌ക്കെതിരേ കപില്‍ പുറത്താകാതെ 175 റണ്‍സ് നേടിയത്. 36 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടിനെതിരേ 151 റണ്‍സടിച്ച് 23-കാരനായ ഇമാമുള്‍ ആ റെക്കോഡ് മറികടക്കുകയായിരുന്നു.
93 പന്തില്‍ 15 ഫോറും അഞ്ചു സിക്സും സഹിതം 128 റണ്‍സ് അടിച്ച ബെയര്‍സ്റ്റോവും 55 പന്തില്‍ എട്ടു ഫോറും നാല് സിക്സുമടക്കം 76 റണ്‍സ് നേടിയ ജേസണ്‍ റോയിയുമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ബെയര്‍സ്റ്റോവും റോയിയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ തന്നെ 159 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.
Content Highlights: imam ul haq breaks kapil dev 36 year old record