നാഗ്പുര്‍: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലെ വിജയത്തിന് ബൗളര്‍മാരെ പ്രശംസിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് ഉത്തരവാദിത്തം ഏറ്റെടുത്ത ബൗളര്‍മാര്‍ പ്രശംസ അര്‍ഹിക്കുന്നുവെന്ന് രോഹിത് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യ മത്സരം തോറ്റ ശേഷം പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കിയത്. 

നാഗ്പുരില്‍ നടന്ന അവസാന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി ഹാട്രിക്കടക്കം ആറു വിക്കറ്റെടുത്ത ദീപക് ചാഹറിന്റെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. അവസരത്തിനൊത്തുണര്‍ന്ന ശിവം ദുബെ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റ് വീഴ്ത്തി.

''ബൗളര്‍മാരാണ് ഞങ്ങളെ ഈ മത്സരം ജയിപ്പിച്ചത്. മഞ്ഞു വീഴ്ച കൂടി കണക്കിലെടുക്കുമ്പോള്‍ എത്ര കഠിനമായിരുന്നു അതെന്ന് എനിക്കറിയാം. ഒരു ഘട്ടത്തില്‍ അവര്‍ക്ക് 8 ഓവറില്‍ നിന്ന് 70 റണ്‍സ് മാത്രം മതിയായിരുന്നു വിജയത്തിലേക്ക്. ആ സമയം കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നീട് ഒരു വലിയ തിരിച്ചുവരവാണ് ഞങ്ങള്‍ നടത്തിയത്. അവര്‍ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് കളിച്ചു'', രോഹിത് പറഞ്ഞു.

മികച്ച പ്രകടനം പുറത്തെടുത്ത കെ.എല്‍ രാഹുലിനെയും ശ്രേയസ് അയ്യരേയും പ്രശംസിക്കാനും രോഹിത് മറന്നില്ല. അതേസമയം വരുന്ന ട്വന്റി 20 ലേകകപ്പിനു മുമ്പ് ടീം ശരിയായ കോമ്പിനേഷന്‍ തിരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണെന്നും ഇപ്പോള്‍ അവസരം ലഭിക്കാത്തവര്‍ക്ക് വരാനിരിക്കുന്ന പരമ്പരകളില്‍ അവസരം ലഭിക്കുമെന്നും രോഹിത് വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലേക്ക് പോകും മുമ്പ് ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്ന് പറഞ്ഞ രോഹിത്, ടീം ഇത്തരത്തിലുള്ള പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ അത് വിരാടിനും സെലക്ടര്‍മാര്‍ക്കും വലിയ തലവേദനയാകുമെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlights: If We Keep Performing Like This Headache For Virat Kohli and Selectors