കൊല്‍ക്കത്ത: തന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ രക്ഷിച്ചത് വി.വി.എസ്. ലക്ഷ്മണാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 2001-ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലക്ഷ്മണ്‍ കളിച്ച ആ ഇന്നിങ്‌സ് ഇല്ലായിരുന്നുവെങ്കില്‍ തന്റെ ക്യാപ്റ്റന്‍ സ്ഥാനം മാത്രമല്ല കരിയര്‍ തന്നെ ഇല്ലാതാകുമായിരുന്നുവെന്ന് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ലക്ഷ്മണിന്റെ ആത്മകഥയായ '281 ആന്‍ഡ് ബിയോണ്‍ഡ്' കൊല്‍ക്കത്തയില്‍ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. ഈഡന്‍ ഗാര്‍ഡന്‍സിലെ പ്രശസ്തമായ ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യേണ്ടി വന്ന ഇന്ത്യ രണ്ടാം ഇന്നിങ്‌സിലെ മികച്ച പ്രകടനത്തോടെ വിജയം സ്വന്തമാക്കിയിരുന്നു. ലക്ഷ്മണിന്റെ ഇരട്ടസെഞ്ചുറിയും രാഹുല്‍ ദ്രാവിഡിന്റെ സെഞ്ചുറിയുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പ്രത്യേകത.

ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ ഉലച്ചുകളഞ്ഞ ഒത്തുകളി വിവാദത്തിനു പിന്നാലെയാണ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തെത്തുന്നത്. ആ പരമ്പരയില്‍ മുംബൈയില്‍ നടന്ന ആദ്യ ടെസ്റ്റ് ഓസീസ് വിജയിച്ചിരുന്നു. കൊല്‍ക്കത്ത ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതോടെ ഇന്ത്യ ഇന്നിങ്‌സ് പരാജയം മണത്തു. ഇതിനു പിന്നാലെയാണ് ദ്രാവിഡ്-ലക്ഷ്മണ്‍ സഖ്യം ടീമിനെ രക്ഷിച്ചത്. 

തുടര്‍ച്ചയായി 16 ടെസ്റ്റുകള്‍ ജയിച്ച് ലോക റെക്കോര്‍ഡ് കുറിച്ച ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് തടയിടാനും ഇതോടെ ഇന്ത്യയ്ക്കായി. 

സത്യം പറഞ്ഞാല്‍ ലക്ഷ്മണിന്റെ ആത്മകഥയ്ക്ക് 281 ആന്‍ഡ് ബിയോണ്ട് എന്നല്ലായിരുന്നു പേരിടേണ്ടിയിരുന്നത്, 281 ആന്‍ഡ് ബിയോണ്‍ഡ്, ആന്‍ഡ് സേവ്ഡ് സൗരവ് ഗാംഗുലീസ് കരിയര്‍ എന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2003-ലെ ലോകകപ്പ് ടീമില്‍ നിന്ന് ലക്ഷ്മണെ ഒഴിവാക്കിയത് വലിയ പിഴവായിരുന്നുവെന്നും ഗാംഗുലി തുറന്നു പറഞ്ഞു. എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള താരമായിരുന്നു ലക്ഷ്മണ്‍. ക്യാപ്റ്റനെന്ന നിലയില്‍ എടുക്കേണ്ടി വരുന്ന എല്ലാ തീരുമാനങ്ങളും ശരിയാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ലോകകപ്പ് ടീമില്‍ അംഗമാകാന്‍ കഴിയാതിരുന്നതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.

Content Highlights: if vvs laxman had not scored 281 i would not have been captain again says ganguly