ഹൈദരാബാദ്: സമീപകാലത്തെ മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന യുവതാരം ഋഷഭ് പന്തിന് പിന്തുണയുമായി ക്യാപ്റ്റന്‍ വിരാട് കോലി. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെയാണ് പന്തിനെ പിന്തുണച്ച് കോലി രംഗത്തെത്തിയിരിക്കുന്നത്.

ഏകദിന ലോകകപ്പ് സെമിയിലെ ഇന്ത്യയുടെ പുറത്താകലിനു ശേഷം വെറ്ററന്‍ താരം എം.എസ് ധോനി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതോടെ ഋഷഭ് പന്തിന് ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. പക്ഷേ, പലപ്പോഴും നിരുത്തരവാദിത്തപരമായി ബാറ്റു ചെയ്ത് പുറത്താകുന്ന പന്തിനെതിരേ സമീപകാലത്തായി കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലും പിഴവുകള്‍ വരുത്തുന്ന പന്തിന് പകരം മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കണമെന്നും വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് ക്യാപ്റ്റന്റെ പിന്തുണ തന്നെ പന്തിന് ലഭിച്ചിരിക്കുന്നത്.

പന്തിന്റെ കഴിവില്‍ ടീമിന് പൂര്‍ണ വിശ്വാസമുണ്ടെന്നും കോലി വ്യക്തമാക്കി. ''ഞങ്ങള്‍ക്ക് ഋഷഭിന്റെ കഴിവില്‍ വിശ്വാസമുണ്ട്. എന്നാല്‍ ഒരു കളിക്കാരന് അയാളുടേതായ ഇടം നല്‍കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. അവന്‍ ഒരു അവസരം നഷ്ടപ്പെടുത്തുമ്പോള്‍ സ്‌റ്റേഡിയത്തിലെ ആളുകള്‍ ധോനിയുടെ പേര് അലറി വിളിക്കരുത്. അത് മാന്യതയ്ക്ക് നിരക്കുന്നതല്ല. ഒരു കളിക്കാരനും ഇത്തരത്തിലൊന്ന് സംഭവിക്കണമെന്ന് ആഗ്രഹിക്കില്ല. അയാള്‍ സ്വന്തം രാജ്യത്താണ് കളിക്കുന്നത്, അതിനാല്‍ തന്നെ എന്ത് പിഴവാണ് അടുത്തതായി വരുത്തുക എന്ന് ചിന്തിക്കുന്നതിനേക്കാള്‍ പിന്തുണ നല്‍കുകയാണ് നിങ്ങള്‍ അയാളോട് ചെയ്യേണ്ടത്'', ഹൈദരാബാദില്‍ വെള്ളിയാഴ്ച വിന്‍ഡീസിനെതിരേ നടക്കുന്ന ആദ്യ ട്വന്റി 20 മത്സരത്തിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി.

പന്തിനെതിരായ വിമര്‍ശനങ്ങള്‍ക്കെതിരേ നേരത്തെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രംഗത്തെത്തിയിരുന്നു. പന്ത് ഒരു മാച്ച് വിന്നര്‍ തന്നെയാണെന്നായിരുന്നു രോഹിത്തിന്റെ അഭിപ്രായം.

Content Highlights: if Rishabh Pant misses a chance, people can't shout MS Dhoni name