ചെന്നൈ: അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി കളിച്ചില്ലെങ്കില്‍ താനും കളിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോനിയുടെ സഹതാരമാണ് റെയ്‌ന. അടുത്ത സീസണിന് മുമ്പ് ധോനി വിരമിച്ചേക്കുമോ എന്ന ചര്‍ച്ചകള്‍ക്കിടയിലാണ് റെയ്‌ന തന്റെ നയം വ്യക്തമാക്കിയത്.

നേരത്തെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ധോനി വിരമിച്ചപ്പോള്‍ അതിന് പിന്നാലെ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 'ക്രിക്കറ്റില്‍ ഇനിയും നാല്-അഞ്ച് വര്‍ഷങ്ങള്‍ എനിക്ക് മുമ്പിലുണ്ട്. ഈ സീസണില്‍ ഐപിഎല്ലില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അടുത്ത സീസണില്‍ രണ്ട് ടീമുകള്‍ കൂടി ഐപിഎല്ലിലേക്ക് വരുന്നു. കളിക്കുന്ന കാലത്തോളം ഞാന്‍ ചെന്നൈയ്ക്ക് വേണ്ടി മാത്രം കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ.' റെയ്‌ന വ്യക്തമാക്കുന്നു.

'ധോനി ഭായ് അടുത്ത സീസണ്‍ കളിച്ചില്ലെങ്കില്‍ ഞാനും കളിക്കില്ല. 2008 മുതല്‍ ചെന്നൈയ്ക്ക് വേണ്ടി ഞങ്ങള്‍ കളിക്കുന്നു. അടുത്ത വര്‍ഷം കൂടി ഐപിഎല്‍ കളിക്കണമെന്ന് ഞാന്‍ ധോനിയോട് പറഞ്ഞുനോക്കും. എന്നെക്കൊണ്ട് കഴിയുന്നത് ഞാന്‍ ചെയ്യും. എന്നാല്‍ ധോനി വിരമിക്കല്‍ തീരുമാനവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ ഞാനും അതിനോടൊപ്പം നില്‍ക്കും. ഒരു ഐപിഎല്‍ ടീമിന് വേണ്ടി പിന്നീട് ഞാന്‍ കളിക്കുമെന്ന് തോന്നുന്നില്ല.' റെയ്‌ന ചൂണ്ടിക്കാട്ടുന്നു.

ഐപിഎല്‍ ഈ സീസണില്‍ രണ്ടാം ഘട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ടീമുകള്‍. ആദ്യ ഘട്ടത്തില്‍ ചെന്നൈ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും വിജയിച്ചിരുന്നു. ഇനി രണ്ടാം ഘട്ടം യു.എ.ഇയിലാണ് നടക്കുക. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച ഐപിഎല്‍ യു.എ.ഇയില്‍ രണ്ടാം ഘട്ടം നടത്താന്‍ പിന്നീട് തീരുമാനമാകുകയായിരുന്നു.

Content Highlights: If MS Dhoni Does Not Play Next IPL I Too Wont Play Suresh Raina