-
ന്യൂഡൽഹി: ഡി.ആർ.എസ് (ഡിസിഷൻ റിവ്യൂ സിസ്റ്റം) സംവിധാനം നേരത്തെ ഉണ്ടായിരുന്നെങ്കിൽ തന്റെ 10 വിക്കറ്റ് നേട്ടം നേരത്തെ തന്നെ സംഭവിച്ചേനെയെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെ.
1999-ൽ ഡൽഹി ഫിറോസ് ഷാ കോട്ട്ല മൈതാനത്ത് പാകിസ്താനെതിരേ നടന്ന ടെസ്റ്റിലാണ് കുംബ്ലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റും വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ ജിം ലേക്കറിനു ശേഷം ടെസ്റ്റിലെ ഒരു ഇന്നിങ്സിലെ മുഴുവൻ വിക്കറ്റുകളും സ്വന്തമാക്കുന്ന താരമെന്ന നേട്ടവും കുംബ്ലെ സ്വന്തമാക്കിയിരുന്നു. 1956-ൽ ഓസീസിനെതിരെയായിരുന്നു ജിം ലേക്കറിന്റെ നേട്ടം.
ഇന്ത്യൻ താരം ആർ. അശ്വിനുമൊത്തുള്ള അഭിമുഖത്തിനിടെ താൻ കളിച്ചിരുന്ന കാലത്തെ സാങ്കേതിക വിദ്യയുടെ കുറവുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു കുംബ്ലെ.
അമ്പയർമാർ പക്ഷപാതപരമായി പെരുമാറിയെന്ന് പറയുന്നതിനോട് താൻ യോജിക്കുന്നില്ലെന്നു പറഞ്ഞ കുംബ്ലെ, എങ്കിലും ഡി.ആർ.എസ് ഉണ്ടായിരുന്നെങ്കിൽ 10 വിക്കറ്റ് നേട്ടം താൻ നേരത്തെ സ്വന്തമാക്കുമായിരുന്നേനെ എന്നും കൂട്ടിച്ചേർത്തു.
ആ ദിവസത്തെ ഓർമകളും കുംബ്ലെ പങ്കുവെച്ചു. ''അന്ന് ചായക്ക് പിരിയുമ്പോൾ പാകിസ്താന് നഷ്ടമായിരുന്ന ആറു വിക്കറ്റുകളും വീഴ്ത്തിയത് ഞാനായിരുന്നു. എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം ചായക്ക് പിരിയുന്നവരെ തുടർച്ചയായി ഓവറുകൾ എറിഞ്ഞതിനാൽ ചായക്ക് ശേഷം തിരിച്ചെത്തിയപ്പോൾ ഞാൻ ക്ഷീണിതനായിരുന്നു. എന്നാൽ അപ്പോൾ നേരത്തെ ലഭിച്ചതിനേക്കാൾ മികച്ച അവസരമാണ് ഉള്ളതെന്ന് എനിക്ക് മനസിലായി. എങ്കിലും 10 വിക്കറ്റും ഞാൻ തന്നെ വീഴ്ത്തുമെന്ന് ഒരിക്കലും കരുതിയതേയില്ല.'' - കുംബ്ലെ പറഞ്ഞു.
Content Highlights: if DRS was there Would have got all 10 wickets against Pakistan a lot earlier Anil Kumble
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..