Photo: AP
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരേ ഓസീസ് ശക്തമായ നിലയില്‍. ട്രാവിസ് ഹെഡിന് പിന്നാലെ രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ സ്മിത്തും മൂന്നക്കം തികച്ചു. സ്മിത്തിന്റെ 31-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്കെതിരേ ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്.
ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും സ്റ്റീവ് സ്മിത്തിന്റെ ക്ഷമയോടെയുള്ള ബാറ്റിങ്ങുമാണ് ഓസീസിന് ആദ്യദിനം ആധിപത്യം സമ്മാനിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശി 156 പന്തില്‍ നിന്ന് 22 ഫോറും ഒരു സിക്‌സുമടക്കം 146 റണ്‍സോടെ പുറത്താകാതെ ഹെഡ് ക്രീസിലുണ്ട്. 227 പന്തില്‍ നിന്ന് 14 ഫോറടക്കം 95 റണ്‍സെടുത്ത സ്മിത്താണ് കൂട്ടിന്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ഹെഡ് സ്വന്തമാക്കി.
ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷെയ്ന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. കളിതുടങ്ങി നാലാം ഓവറില്‍ തന്നെ ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തിയിരുന്നു. 144 കി.മീ വേഗത്തിലെത്തിയ ഒരു ഔട്ട്‌സ്വിങ്ങറില്‍ ഉസ്മാന്‍ ഖവാജയെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ആദ്യ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 10 പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് ഖവാജ മടങ്ങിയത്.
പിന്നാലെ വാര്‍ണറും ലബുഷെയ്നും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നിലയുറപ്പിച്ച വാര്‍ണറെ മടക്കി ശാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പന്തിന്റെ ലൈന്‍ മനസിലാക്കാതെ ബാറ്റ് വീശിയ വാര്‍ണറുടെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ കൈയിലൊതുക്കുകയായിരുന്നു. 43 റണ്‍സായിരുന്നു വാര്‍ണറുടെ സമ്പാദ്യം.
തുടര്‍ന്ന് അഞ്ചു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ലബുഷെയ്നിനെയും ഓസീസിന് നഷ്ടമായി. 26 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമി ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച സ്മിത്ത് - ട്രാവിസ് ഹെഡ് സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസ് സ്‌കോര്‍ മുന്നോട്ടുനയിച്ചു.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പച്ചപ്പ് നിറഞ്ഞ പിച്ചില്‍ നാല് പേസര്‍മാരുമായി ഇറങ്ങിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ടോസ് കിട്ടിയപ്പോള്‍ ബൗളിങ് തിരഞ്ഞെടുക്കാന്‍ തെല്ലും ആലോചിക്കേണ്ടിവന്നില്ല. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഉമേഷ് യാദവും ശാര്‍ദുല്‍ താക്കൂറും പേസര്‍മാരായി ഇന്ത്യന്‍ നിരയിലുണ്ട്. ഒരൊറ്റ സ്പിന്നറെ മാത്രമാണ് ഇന്ത്യ കളിപ്പിക്കുന്നത്. അശ്വിനെ ഒഴിവാക്കി ബാറ്റിങ് കൂടി കണക്കിലെടുത്ത് രവീന്ദ്ര ജഡേജയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. ശ്രീകര്‍ ഭരതാണ് വിക്കറ്റിന് പിന്നില്‍.
Content Highlights: ICC World Test Championship Final 2023 Australia vs India Kennington Oval day 1
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..